ബൈക്കിൽ കമിതാക്കളുടെ ചുംബനയാത്ര!
Tuesday, March 4, 2025 11:19 AM IST
ഓടുന്ന ബൈക്കിൽ കെട്ടിപ്പിടിപ്പിച്ച്, ചുംബിച്ചുകൊണ്ട് കമിതാക്കളുടെ "പ്രണയയാത്ര'. സിനിമാ സ്റ്റൈൽ പ്രണയരംഗങ്ങൾ അരങ്ങേറിയത് ബംഗളൂരുവിലെ തിരക്കേറിയ സർജാപുർ റോഡിലാണ്. ബൈക്കിന്റെ ഇന്ധനടാങ്കിനോടു ചേർന്ന് യുവാവിന്റെ മടിയിലിരുന്നായിരുന്നു യുവതിയുടെ സല്ലാപയാത്ര. കമിതാക്കളുടെ ലീലാദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി. യുവാവിനെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.
റോഡ് നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള സഞ്ചാരത്തിന് വൻ വിമർശനമാണുണ്ടായത്. മറ്റുള്ളവരുടെ സുരക്ഷ അവഗണിച്ചു പൊതുനിരത്തിൽ സഞ്ചരിച്ചതിന് ഇരുവർക്കുമെതിരേ കേസ് എടുക്കണമെന്ന് നെറ്റിസൺസ് പ്രതികരിച്ചു. ചിലർ വീഡിയോ കർണാടക പോലീസിന് ടാഗ് ചെയ്തിട്ടുണ്ട്. പ്രണയം പ്രകടനമല്ലെന്നും പൊതുമധ്യത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് മറ്റുള്ളവരെക്കൂടി ബുദ്ധിമുട്ടിക്കുന്നതാണെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.