വർണപ്രപഞ്ചമൊരുക്കി ബൊഗേന്‍വില്ലകള്‍; നാടെങ്ങും പൂക്കാലം
Monday, March 3, 2025 12:09 PM IST
വേനലിന്റെ പൂക്കള്‍ എന്നറിയപ്പെടുന്ന ബൊഗേന്‍വില്ലയുടെ പൂക്കാലമാണ് ഇപ്പോള്‍. വഴിയോരങ്ങളില്‍ ചെറിയ മരമായും വീടുകളില്‍ ചെടിയായും വളര്‍ന്നുപന്തലിച്ച ബൊഗേന്‍വില്ല പൂക്കള്‍ വേനലില്‍ ഉണങ്ങിക്കരിഞ്ഞു നില്ക്കുന്ന പ്രകൃതിയുടെ വസന്തംകൂടിയാണ്. വീടുകളുടെ മതിലുകളിലും ലോണുകളിലും ടെറസുകളിലുമൊക്കെ വിവിധ വര്‍ണങ്ങളിലുള്ള ബൊഗേന്‍ വില്ലകള്‍ പൂത്തുനില്‍ക്കുന്നത് കണ്ണിനു കുളിര്‍മ പകരുന്ന വഴിയോര കാഴ്ചകളാണ്.
കടുത്ത വേനലില്‍പോലും സമൃദ്ധമായി പൂവിടുന്ന ഈ വിശ്വമോഹിനിയുടെ, കൊഴിയാന്‍ മടിക്കുന്ന പൂക്കള്‍, പേപ്പര്‍ മടക്കി രൂപപ്പെടുത്തുന്ന പൂക്കള്‍ക്കു സമാനമായതുകൊണ്ടാകാം ബൊഗേന്വില്ലയെ കടലാസു പൂച്ചെടിയെന്നും വിളിക്കാറുണ്ട്.
കുറ്റിച്ചെടിയായി ചട്ടിയിലും വള്ളിച്ചെടിയായി മതിലിലും ട്രെല്ലിയിലുമെല്ലാം വളര്‍ത്താന്‍ യോജിച്ചതാണ് ഈ പൂച്ചെടി. റോസ്, പിങ്ക്, വെള്ള, ചുവപ്പ്, മഞ്ഞ, ഓറഞ്ച് തുടങ്ങി വിവിധ നിറത്തിലുള്ള പൂക്കള്‍ക്കൊപ്പം മുള്ളുകളുള്ള പരമ്പരാഗതയിനങ്ങള്ക്കൊപ്പം നിറത്തിലും രൂപത്തിലും ഒട്ടേറെ വൈവിധ്യമുള്ള പൂക്കളും ഇലകളുമായി നവീന സങ്കരയിനങ്ങളും ഇപ്പോഴുണ്ട്. മറ്റ് ഉദ്യാനച്ചെടികള്‍ വേനലില്‍ വെള്ളത്തിനായി ദാഹിക്കുമ്പോള്‍ ബൊഗേന്‍വില്ല കുറഞ്ഞ ജലലഭ്യതയില്പോലും വളരുകയും സമൃദ്ധമായി പുഷ്പിക്കുകയും ചെയ്യുന്നു.
ബൊഗേന്‍വില്ലയുടെ യഥാര്‍ഥ പൂക്കള്‍ തീരെ ചെറുതും അനാകര്‍ഷകവുമാണ്. ഇവയ്ക്കു ചുറ്റുമുള്ള വര്‍ണ ഇലകളാണു പൂങ്കുലയുടെ ഭംഗി. പൂക്കള്‍ കൊഴിഞ്ഞുപോയാലും വര്‍ണ ഇലകള്‍ കുറേനാള്‍ കൂടി ആകര്‍ഷകമായി ചെടിയില്‍ നില്ക്കും. മിക്കയിനങ്ങളിലും ഒരു പൂവിനു ചുറ്റും മൂന്നു വര്‍ണ ഇലകളാണുള്ളത്. കമ്പ് മുറിച്ചു നട്ടും പതിവച്ചുമാണ് ബൊഗേന്‍വില്ല വളര്‍ത്തിയെടുക്കുക.
പൂക്കള്‍ വിരിഞ്ഞുതുടങ്ങിയാല്‍ ആവശ്യത്തിനു നന നല്‍കണം. ഇതു പൂക്കള്‍ ചെടിയില്‍ കൂടുതല്‍ നാള് കൊഴിയാതെ നില്ക്കാന് സഹായിക്കും. പൂക്കള്‍ക്ക് നല്ല നിറവും വലുപ്പവും കിട്ടാന്‍ കടലപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും പുളിപ്പിച്ചെടുത്ത ലായനി നേര്‍പ്പിച്ചത് ഉപകരിക്കും.
നമ്മുടെ കാലാവസ്ഥയില്‍ ജനുവരി മുതല്‍ മേയ് വരെയാണ് ബൊഗേന്വില്ലയ്ക്ക് പൂക്കാലം. പൂക്കള്‍ 15 മുതല്‍ 20 ദിവസം വരെ ചെടിയില്‍ കൊഴിയാതെ നില്ക്കും. ഇടക്കാലത്ത് ഉദ്യാനത്തില്‍ അവഗണന നേരിടേണ്ടിവന്ന ബൊഗേന്‍വില്ല വീണ്ടും നാടെമ്പാടും സ്വീകാര്യയും ജനപ്രീതിയുമുള്ള പൂച്ചെടിയായി മാറിക്കഴിഞ്ഞിരിക്കുകയാണ്.