ജോലിയുടെ ടെൻഷൻ താങ്ങാൻ പറ്റുന്നില്ലേ, ആശ്വസിപ്പിക്കാൻ ആളുണ്ട്..!
Saturday, March 1, 2025 12:01 PM IST
ഐടി മേഖലയിലും മറ്റും ജോലിയുടെ ടെൻഷൻ താങ്ങാൻ പറ്റാത്തതാണ്. മാനസികമായും ശാരീരികവുമായി തളർന്നു പോകുന്ന സ്ഥിതി. ഇതിനൊരു പരിഹാരമായി ജീവനക്കാരുടെ ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കാനുള്ള സേവനവാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ഒരു ജപ്പാൻ കമ്പനി. ഹാൻസം വീപ്പിംഗ് ബോയ് (കരയുന്ന നല്ല മനുഷ്യൻ) എന്നാണ് ഈ സേവനം അറിയപ്പെടുന്നത്.
ജീവനക്കാർക്ക് അവരുടെ വൈകാരികമായ അവസ്ഥകൾ പങ്കുവയ്ക്കാനും ആശ്വാസം നൽകാനും സുന്ദരനായ ഒരു പങ്കാളിയെ നൽകുകയാണ് ഈ സേവനത്തിലൂടെ ചെയ്യുന്നത്. ജീവനക്കാർക്ക് "വീപ്പിംഗ് ബോയി'യെ ഓൺലൈനായി തെരഞ്ഞെടുക്കാം.
അവർ നേരിട്ടെത്തി ജോലിസംബന്ധമായ സമ്മർദങ്ങളെ നേരിടാൻ ജീവനക്കാരെ സഹായിക്കുകയും കണ്ണുനീർ തുടച്ചും കെട്ടിപ്പിടിച്ചും വൈകാരിക പിന്തുണ നൽകുകയും ചെയ്യും. 7,900 യെൻ (ഏകദേശം 4,000 രൂപ) ആണ് ഒരുതവണ ഈ സേവനം ലഭിക്കാനായി നൽകേണ്ട തുക. വിവിധ മേഖലകളിൽ പരിശീലനം ലഭിച്ച പ്രഫഷണലുകൾ ആണ് ഈ സേവനം നൽകുന്നത്.