രണ്ടേകാൽ കോടിക്കു വാങ്ങിയ വീടിനടിയിലെ രഹസ്യമുറിയിൽ ഒരു സ്ത്രീ..!
Thursday, February 6, 2025 12:32 PM IST
ഏഴു വർഷം മുൻപു വാങ്ങിയ വീടിനടിയിൽ ഒരു രഹസ്യമുറി ഉണ്ടെന്നും ആ മുറിക്കുള്ളിൽ മുൻ വീട്ടുടമസ്ഥ രഹസ്യമായി താമസിക്കുന്നുണ്ടെന്നും കണ്ടെത്തിയാൽ എന്തു തോന്നും? ആർക്കായായലും അത് വല്ലാത്തൊരു അനുഭവമായിരിക്കും! കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ ലീ എന്നയാൾ ഇത്തരമൊരു അവസ്ഥ നേരിട്ടനുഭവിച്ചു.
2018ൽ ഴാങ് എന്ന സ്ത്രീയിൽനിന്നു 2.24 കോടി രൂപയ്ക്കു ലീ ഒരു വീട് സ്വന്തമാക്കി. കഴിഞ്ഞ ഏഴു വർഷമായി ലീയും കുടുംബവും ഈ വീട്ടിൽ സന്തോഷത്തോടെ കഴിയുകയായിരുന്നു. അതിനിടെ വീട് നവീകരിക്കാൻ ലീ തീരുമാനിച്ചു. നിർമാണ പ്രവൃത്തികൾക്കിടെ സ്റ്റെയർകേസിന് താഴെ ഒരു രഹസ്യവാതില്‍ കണ്ടെത്തി. അതുവഴി കടന്നപ്പോൾ വീടിനടിയിലെ നിലവറയിലാണെത്തിയത്. വായുസഞ്ചാരത്തിനുള്ള വെന്റിലേഷനുകളോടു കൂടിയ അത്യാധുനിക സൗകര്യങ്ങളുള്ള അതിവിശാലമായ ഒരു മുറിയായിരുന്നു അത്. ഒപ്പം ചെറിയൊരു ബാറും.
മുറി പരിശോധിച്ചപ്പോൾ ഇടയ്ക്കിടെ ആരോ വന്നു താമസിക്കുന്നുണ്ടെന്നു ബോധ്യമായി. അത് ആ വീടിന്റെ മുന്‍ ഉടമസ്ഥനായ ഴാങ് ആണെന്നും തിരിച്ചറിഞ്ഞു. ഴാങ്ങിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, വീട് വില്പനയില് രഹസ്യമുറി ഉൾപ്പെടില്ലെന്നും തനിക്ക് ഒഴിവുസമയം ചെലവഴിക്കാന്‍ മറ്റു സ്ഥലങ്ങളില്ലെന്നുമുള്ള വിചിത്രമായ മറുപടിയാണു ലഭിച്ചത്.
തുടർന്നു ലീ കോടതിയെ സമീപിച്ചു. പരാതി പരിശോധിച്ച കോടതി ഴാങിനോട് നഷ്ടപരിഹാരം നല്‍കാനും രഹസ്യ അറയുടെ ഉടമസ്ഥാവകാശം ലീയ്ക്ക് കൈമാറാനും ആവശ്യപ്പെട്ടു. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായി. ആരും കാണാതെ എങ്ങനെയാണ് ആ സ്ത്രീ രഹസ്യമുറിയിലെത്തി മടങ്ങിയിരുന്നത് എന്നത് എല്ലാവർക്കും അതിശയമായി.