ചേട്ടൻ ഇത്ര റൊമാന്റിക് ആയിരുന്നുവെന്ന് അറിഞ്ഞില്ല; വിവാഹാഭ്യർത്ഥന നടത്തുമ്പോൾ ഇങ്ങനെ ചെയ്യരുത്, വൈറലായി യുവതിയുടെ അനുഭവം
Tuesday, February 4, 2025 3:40 PM IST
ഇതുവരെ ഒരു കാമുകനും ചെയ്യാത്തപോലുള്ള വെറൈറ്റി രീതിയിൽ വിവാഹാഭ്യർഥന നടത്തണമെന്നായിരിക്കും മിക്കവരുടെയും ആഗ്രഹം. അങ്ങേയറ്റം റൊമാന്റിക്ക് ആകണം എന്നു വിചാരിച്ചാലും ചിലപ്പോൾ അത് അബദ്ധമായി മാറാനും വഴിയുണ്ട്. അത്തരത്തിൽ ചൈനയിൽ നിന്നുള്ളൊരു യുവാവിന് സംഭവിച്ച അബദ്ധമാണ് അവിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
കാമുകിക്ക് നൽകാനുള്ള മോതിരം വയ്ക്കുന്നതിനായി യുവാവ് ഒരു കേക്ക് പോലും ബേക്ക് ചെയ്തെടുത്തു. എന്നാൽ, കേക്കിനൊപ്പം അവൾ ആ മോതിരം വരെ കടിച്ചുതിന്നുന്ന കാഴ്ചയാണത്രെ അയാൾക്ക് കാണേണ്ടി വന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള ലിയു എന്ന യുവതിയാണ് സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
എല്ലാ പുരുഷന്മാരുടെയും ശ്രദ്ധയ്ക്ക്, ഒരിക്കലും പ്രൊപ്പോസൽ റിംഗ് ഭക്ഷണത്തിൽ ഒളിപ്പിച്ച് വയ്ക്കരുത് എന്ന കാപ്ഷനോടെയാണ് അവൾ സംഭവത്തെ കുറിച്ച് റെഡ് നോട്ടിൽ പോസ്റ്റിട്ടത്. ലിയു ജോലി കഴിഞ്ഞു വിശന്നു വലഞ്ഞാണത്രെ അന്ന് വീട്ടിലെത്തിയത്. ആ സമയത്ത് അവളുടെ പങ്കാളി അവൾക്കായി ഒരു കേക്ക് തയ്യാറാക്കിയിരുന്നു.
എന്നാൽ, കേക്കെടുത്ത് കഴിച്ചതോടെ എന്തോ ഒരു കട്ടിയുള്ള വസ്തു അവളുടെ വായിൽ കുടുങ്ങി. അത് കടിച്ച് അവൾ പുറത്തേക്ക് തുപ്പുകയും ചെയ്തു. പിന്നീടാണ്, വിൽ യു മാരി മീ എന്ന് ചോദിക്കാനായി കാമുകൻ ഒളിപ്പിച്ചു വച്ച സ്വർണമോതിരം ആണ് അതെന്ന് മനസിലാവുന്നത്. അപ്പോഴേക്കും മോതിരം രണ്ട് കഷ്ണമായിരുന്നു.
കാമുകൻ അവളോട് കാര്യം വിശദീകരിച്ചെങ്കിലും ആദ്യം അവൾ വിശ്വസിച്ചില്ല. എന്നാൽ, പിന്നീട് കാമുകൻ അവളോട് ഇനി താനെന്താണ് ചെയ്യേണ്ടത് മുട്ടിലിരുന്ന് വീണ്ടും എന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിക്കണോ എന്നന്വേഷിക്കുകയായിരുന്നു.
എന്തായാലും, മോതിരം രണ്ട് കഷ്ണമായതുകൊണ്ട് ഇരുവരും വിവാഹം കഴിക്കുന്നില്ല എന്ന് തീരുമാനിച്ചില്ല. ലിയുവും കാമുകനും പിന്നീട് വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു. എന്തായാലും, തങ്ങളുടെ ജീവിതത്തിലെ ഏറ്റവും രസകരമായ ഓർമ്മ എന്നാണ് ഇരുവരും ഈ സംഭവത്തെ കുറിച്ച് പറയുന്നത്.