ഹെൽമറ്റ് ഇല്ലേ? എങ്കിൽ പെട്രോളുമില്ല കേട്ടോ!
Monday, January 13, 2025 3:48 PM IST
ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാത്തവർക്ക് പന്പുകളിൽനിന്ന് പെട്രോൾ നൽകരുതെന്ന പദ്ധതി നടപ്പാക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിന് ശിപാർശ. ഇതു സംബന്ധിച്ച് 75 ജില്ലകളിലെയും ജില്ലാ മജിസ്ട്രേറ്റുമാർക്കും എല്ലാ പെട്രോൾ പന്പുടമകൾക്കും ട്രാൻസ്പോർട്ട് കമ്മീഷണർ ബ്രജേഷ് നരെയ്ൻ സിംഗ് കഴിഞ്ഞ ബുധനാഴ്ച ഔദ്യോഗിക കത്തു കൈമാറി.
ഇരുചക്രവാഹന അപകടങ്ങളിൽ മരിക്കുന്നവരിൽ ഭൂരിപക്ഷവും ഹെൽമറ്റ് ധരിക്കാത്തവരാണെന്ന കണക്കുകളുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ കഴിഞ്ഞമാസം ചേർന്ന റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് കത്തിൽ സൂചിപ്പിക്കുന്നു.
യുപിയിൽ റോഡപകടങ്ങളിൽ വർഷം 26,000 പേർ മരിക്കുന്നതായാണ് കണക്ക്. 2019ൽ ഈ പദ്ധതി ഗൗതംബുദ്ധനഗർ ജില്ലയിൽ നടപ്പാക്കിയെങ്കിലും പരാജയപ്പെട്ടിരുന്നു. 1988ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിലും നിയമം കർശനമായി നടപ്പാക്കണമെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു.