മദ്യലഹരിയിൽ യുവാവ് കിടന്നത് വൈദ്യുതി കമ്പിക്കു മുകളില്‍!
Friday, January 3, 2025 1:19 PM IST
മദ്യപിച്ച് ഉന്മാദാവസ്ഥയിലായ ഒരു യുവാവ് ചെയ്ത പ്രവൃത്തി കണ്ട് അന്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. സംഭവം നടന്നത് ആന്ധ്രാപ്രദേശിൽ മന്യം ജില്ലയിലെ എം.സിംഗിപുരം എന്ന ഗ്രാമത്തിൽ. ലഹരി തലയ്ക്കു പിടിച്ച യുവാവ് വൈദ്യുതി പോസ്റ്റിൽ വലിഞ്ഞു കയറുകയായിരുന്നു.
മുകളിലെത്തിയ ഇഷ്ടൻ ഇലക്ട്രിക് കമ്പികളിൽ പിടിച്ച് ചില കായികാഭ്യാസങ്ങളൊക്കെ കാട്ടി. കുറച്ചുകഴിഞ്ഞപ്പോൾ കന്പികൾക്കു മുകളില്‍ വിസ്തരിച്ചു കിടപ്പായി. പട്ടാപ്പകൽ നടന്ന സംഭവത്തിന് ഒരുപാടു പേർ സാക്ഷികളായുണ്ടായിരുന്നു.
യുവാവ് വൈദ്യുതി തൂണിൽ കയറുന്നതു കണ്ട ഉടൻ ചിലർ ട്രാൻസ്ഫോർമർ ഓഫ് ചെയ്തതിനാൽ ആൾ കരിഞ്ഞുപോയില്ല. ഒടുവിൽ എല്ലാവരും കൂടി നിർബന്ധിച്ചു താഴെയിറക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കുള്ളിൽ രണ്ടു ലക്ഷത്തിലേറെ പേരാണ് കണ്ടത്.
നിരവധി പേര് വീഡിയോ കണ്ട് മദ്യപാനത്തെക്കുറിച്ചും മദ്യപാനികൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകളെക്കുറിച്ചും എഴുതി. യുവാവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ടെന്നു റിപ്പോർട്ടുകളിൽ പറയുന്നു.