തലയാഴത്തെ തനി നാടൻ ചായക്കട
Thursday, December 19, 2024 10:41 AM IST
നാട്ടിന്പുറത്തുനിന്നു മണ്മറഞ്ഞ ഓലമേഞ്ഞ നാടന്‍ ചായക്കട തലയാഴത്ത് പുനഃസൃഷ്ടിച്ചത് കൗതുകമാകുന്നു. ടിന് ഷീറ്റില്‍ തീര്‍ത്ത ബങ്കില്‍ ഓലമേഞ്ഞ് പഴയകാല ചായക്കട നിർമിച്ചത് തലയാഴം ശിവതീര്ഥത്തില് ഷൈജു ദാമോദരനാണ്.
തലയാഴം ഉല്ലലയിലുണ്ടായിരുന്ന ശ്രീപത്മനാഭ തിയറ്ററില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച ജയന് നായകനായ കരിമ്പന, കോളിളക്കം എന്നീ ചിത്രങ്ങളുടെ പോസ്റ്ററും കടയില്‍ പതിപ്പിച്ചത്, പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള നാട്ടിന്‍പുറത്തെ ചായക്കടകളെ അനുസ്മരിപ്പിച്ചു.
ഇതിനു പുറമെ അന്നത്തെ കടകളില്‍ ഉപയോഗിച്ചിരുന്ന റേഡിയോ, എണ്ണപ്പലഹാരങ്ങള്‍ കോരിവച്ചിരുന്ന കുട്ടകള്‍ തുടങ്ങിയവയും കടയിലുണ്ട്. ചായയും പലഹാരങ്ങളും നല്കാന് ഷൈജുവിനു കൂട്ടായി ഉദയനാപുരം നേരേകടവ് സ്വദേശി പി. ആര്. ബാബുവടക്കമുള്ള സഹായികളുമുണ്ട്.
തലയാഴം ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള നാടന്‍ ചായക്കടയിലേക്കു കൗതുകത്തോടെ എത്തുന്നവരുടെ എണ്ണമേറുകയാണ്.