പ്രതി ഓടിച്ച ബൈക്കിൽ പോലീസുകാരന്റെ യാത്ര!
Monday, December 16, 2024 1:02 PM IST
ഉത്തർപ്രദേശിലെ മെയിൻപുരിയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന പ്രതിയോടൊപ്പം പോലീസുകാരൻ ബൈക്കിൽ നടത്തിയ യാത്ര വൈറലായി. ബൈക്ക് ഓടിച്ചതു പോലീസുകാരനല്ല, പ്രതിയാണ്!
ബൈക്കിൽനിന്ന് ഇറങ്ങിയോടാതിരിക്കാൻ പ്രതിയുടെ ഇടതു കൈയിൽ കയറുകൊണ്ട് കെട്ടിയിരുന്നു. അതിൽ പിടിച്ചുകൊണ്ടായിരുന്നു പോലീസുകാരന്റെ യാത്ര! പോലീസുകാരൻ ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. എന്നാൽ പ്രതി ഹെൽമറ്റ് ധരിച്ചിരുന്നില്ല.
കൊടും തണുപ്പിൽ ചുവന്ന ഷാൾ പുതച്ചുകൊണ്ടാണു പ്രതി ബൈക്ക് ഓടിച്ചത്. ബൈക്കിനോടു ചേർന്ന് സഞ്ചിരിച്ചിരുന്ന കാറിനുള്ളിലെ യാത്രക്കാരനാണു പോലീസുകാരന്റെയും പ്രതിയുടെയും കൗതുകയാത്ര ചിത്രീകരിച്ചത്. സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.