തടാകം കണ്ടു മടങ്ങുന്നവർക്ക്കൊണ്ടുപോകാൻ "വായു'
Tuesday, December 10, 2024 12:52 PM IST
റോമൻ കാലഘട്ടം മുതൽ പ്രഭുക്കന്മാരുടെയും സമ്പന്നരുടെയും പ്രശസ്തമായ വിശ്രമകേന്ദ്രമായിരുന്നു ഇറ്റലി ലോംബാർഡിയിലെ കോമോ തടാകം. ഗാർഡ തടാകവും മാഗിയോർ തടാകവും കഴിഞ്ഞാൽ ഇറ്റലിയിലെ മൂന്നാമത്തെ വലിയ തടാകമാണിത്. 146 ചതുരശ്ര കിലോമീറ്റർ ആണു തടാകത്തിന്റെ വിസ്തീർണം.
"Y' ആകൃതിയാണ് ഇതിന്റെ പ്രധാനസവിശേഷത. ഇവിടെ സന്ദർശിച്ചുമടങ്ങുന്നവരിൽ ഏറ്റവും കൂടുതൽ വാങ്ങുന്നത് എന്താണെന്നറിഞ്ഞാൽ അദ്ഭുതപ്പെടും! മറ്റൊന്നുമല്ല, കുപ്പിയിലാക്കിയ തടാകത്തിലെ വായു!
തടാകത്തിന്റെ പോസ്റ്ററുകൾ വിൽക്കുന്ന ഇകൊമേഴ്സ് സൈറ്റിന്റെ സൃഷ്ടാവായ ഡേവിഡ് അബഗ്നലെയാണ് തടാകത്തിലെ വായു ടിന്നിലടച്ച് വിൽപന നടത്തുന്ന ആശയം വികസിപ്പിച്ചെടുത്തത്. സന്ദർശകർക്കു വീട്ടിൽ കൊണ്ടുപോകാൻ എളുപ്പവും രസകരവുമായ "ഓർമച്ചെപ്പ്' ആയി പിന്നീട് "എയർ ക്യാൻ' മാറി. മനോഹരമായ പെൻ ഹോൾഡറായും ഈ ക്യാൻ ഉപയോഗിക്കാം.
ടിന്നിലടച്ച വായു വിൽക്കുന്ന ആദ്യത്തെ വിനോദസഞ്ചാരകേന്ദ്രമല്ല ലേക്ക് കോമോ. ഇറ്റലിയിലെ നേപ്പിൾസ് പോലുള്ള സ്ഥലങ്ങളിലും സമാനമായ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നുണ്ട്. ഇംഗ്ലണ്ട്, ഐസ് ലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ചില ടൂറിസ്റ്റ്കേന്ദ്രങ്ങളിലും എയർ ക്യാനുകൾ ലഭ്യമാണ്.