തൊണ്ടിമുതലിനും മെനു; വട്ടംകറങ്ങി കസ്റ്റംസ്, പിന്നീട് ഭക്ഷണപരീക്ഷണം
Friday, December 6, 2024 5:49 PM IST
വിദേശത്തുനിന്നും അനധികൃതമായി കൊണ്ടുവരുന്ന വസ്തുകൾ പിടികൂടി കേസെടുക്കുന്നത് കസ്റ്റംസിനെ സംബന്ധിച്ചിടത്തോളം സ്വഭാവിക നടപടികൾ മാത്രമാണ്. അത്തരത്തിൽ കഴിഞ്ഞ ഞായറാഴ്ച കൊച്ചി വിമാനത്താവളത്തിലൂടെ കൊണ്ടുവന്ന അപൂര്‍വയിനം പക്ഷികളെ പിടികൂടിയ കസ്റ്റംസിന് പിന്നീട് വലിയ തലവേദനയായി.
പക്ഷികളെ ജീവനോടെ തിരിച്ചയക്കുന്നതാണ് വലിയ തലവേദന സൃഷ്ടിച്ചത്. ഇവയുടെ ഭക്ഷണവും കസ്റ്റംസിനെ വട്ടം കറക്കി. പിന്നീട് പെറ്റ് ഷോപ്പ് നടത്തുന്ന ഒരാളെ വിളിച്ചുവരുത്തിയാണ് കസ്റ്റംസ് പക്ഷികളുടെ മെനു തിരക്കി. ഇയാളുടെ നിർദേശപ്രകാരം പിന്നീട് ഭക്ഷണപരീക്ഷണമായിരുന്നു.
പപ്പായയും പൈനാപ്പിളും ജ്യൂസാക്കി നല്‍കിയായിരുന്നു ആദ്യ പരീക്ഷണം. ചില പക്ഷികള്‍ പൈനാപ്പിൾ ജ്യൂസിനോട് നോ പറഞ്ഞു. ചിലർ പപ്പായ ജ്യൂസ് സ്വീകരിച്ചു.. ചിലവ പഴവും തിനയുമൊക്കെ അകത്താക്കി.
24 മണിക്കൂറിലേറെ നീണ്ട പക്ഷി പരിപാലനത്തിനുശേഷം 14 പക്ഷികളെയും കസ്റ്റംസ് തായ്ലൻഡിലേക്ക് തിരികെ വിമാനം കയറ്റി. അവിടെ തായ്ലൻഡ് ആനിമല്‍ ക്വാറന്റൈൻ അതോറിറ്റി പക്ഷികളെ ഏറ്റുവാങ്ങി.
ജീവനോടെ പക്ഷികളെ തിരികെയെത്തിച്ചതിന് നന്ദി രേഖപ്പെടുത്തി അതോറിറ്റി അയച്ച സന്ദേശം കൈപ്പറ്റിയതോടെയാണ് ഇവിടെ കസ്റ്റംസിന് ശ്വാസം നേരേവീണത്.