പുരുഷന്മാർക്കും ആർത്തവമുണ്ടായെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു; എങ്കിലെ സ്ത്രീകളുടെ വേദന അവർക്ക് മനസിലാകൂ: സുപ്രീം കോടതി
Wednesday, December 4, 2024 3:36 PM IST
പുരുഷന്മാർക്കും ആർത്തവമുണ്ടായെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നുവെന്നും എങ്കിലെ സ്ത്രീകളുടെ വേദന അവർ മനസിലാക്കുകയുള്ളൂവെന്നും സുപ്രീം കോടതി. ആറ് വനിതാ സിവിൽ ജഡ്ജുമാരെ പിരിച്ചുവിട്ട സംഭവത്തിലാണ് മധ്യപ്രദേശ് ഹൈക്കോടതിക്ക് നേരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം.
വനിതാ സിവിൽ ജഡ്ജിമാരെ കേസ് തീർപ്പാക്കിയത് കുറവായിരുന്നു എന്ന് കാണിച്ചു പിരിച്ചുവിട്ടതിനാണ് കോടതിയുടെ വിമർശനം. അതിലൊരാൾ ഗർഭം അലസിയതിനെ തുടർന്ന് അനുഭവിച്ച ശാരീരികവും മാനസികവുമായ ആഘാതത്തെ മധ്യപ്രദേശ് കോടതി അവഗണിക്കുകയായിരുന്നു എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. പുരുഷന്മാർക്കും ആർത്തവമുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്. അപ്പോൾ മാത്രമേ അവർക്കത് മനസിലാക്കാനാവൂ എന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. അത്തരം അവസ്ഥകളിൽ കേസ് തീർപ്പാക്കൽ നിരക്ക് ജഡ്ജിമാരുടെ ജോലി അളക്കാനുള്ള ഒരു മാനദണ്ഡമല്ലെന്നും കോടതി പറഞ്ഞു.
പ്രൊബേഷൻ കാലയളവിലെ പ്രകടനം മോശമായിരുന്നു എന്നും വേണ്ടത്ര കേസുകൾ പരിഗണിച്ചില്ല എന്നും കാണിച്ചാണ് 2023 ജൂണിൽ മധ്യപ്രദേശ് സർക്കാർ ആറ് വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ടത്. കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതി ഈ കേസ് സ്വമേധയാ പരിഗണിച്ചിരുന്നു. പിന്നീട്, സെപ്തംബറിൽ നാലുപേരെ തിരിച്ചെടുത്തു.