ലൈറ്റ് ഹൗസിലെ കുപ്പിയിൽ കണ്ടത് 132 വർഷം പഴക്കമുള്ള കുറിപ്പ്!
Saturday, November 30, 2024 12:36 PM IST
സ്കോട്ട്ലാൻഡിലെ റൈൻസ് ഓഫ് ഗാലോവേയിലെ ലൈറ്റ് ഹൗസിൽ അറ്റകുറ്റപ്പണിക്കെത്തിയതായിരുന്നു റോസ് റസൽ (36) എന്ന എൻജിനീയറും സംഘവും.
അവിടത്തെ കബോഡിന്റെ പാനലുകൾ നീക്കി പുതിയവ സ്ഥാപിക്കുന്നതിനിടയിൽ പഴയൊരു കുപ്പി ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. ഭദ്രമായി അടച്ചിരുന്ന കുപ്പി തുറന്നപ്പോൾ കണ്ടത് വടിവൊത്ത അക്ഷരങ്ങളിൽ 132 വർഷം മുൻപെഴുതിയ ഒരു കുറിപ്പ്.
പക്ഷികളുടെ തൂവലുകൾ ഉപയോഗിച്ചാണു ചെറുകുറിപ്പ് എഴുതിയിരുന്നത്. 1892 സെപ്റ്റംബർ നാലിന് എഴുതിയതാണിതെന്നും ലൈറ്റ് ഹൗസ് സ്ഥാപിച്ച അന്നത്തെ എൻജിനീയർമാരാണ് ഇത് തയാറാക്കി കുപ്പിയിലടച്ചുവച്ചതെന്നും കുറിപ്പിലുണ്ടായിരുന്നു.
ലൈറ്റ് ഹൗസിൽ വെളിച്ചം പുനഃസ്ഥാപിച്ച പ്രവൃത്തിയിൽ ഭാഗമായവരെക്കുറിച്ചും അവിടെ ഉപയോഗിച്ച ലെൻസ് ലഭ്യമാക്കിയ സ്ഥാപനത്തെക്കുറിച്ചും കുറിപ്പിലുണ്ടായിരുന്നു. അക്കാലത്തെ ലൈറ്റ് ഹൗസിലെ കാവൽക്കാരെയും അതിൽ പരാമർശിച്ചിരുന്നു. കുപ്പിയിലെ കത്തിൽ പരാമർശിച്ച ഒരു ജീവനക്കാരന്റെ നാലാം തലമുറയിലെ ചെറുമകൻ, കുറിപ്പ് കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്നുവെന്നത് മറ്റൊരു കൗതുകമായി.
20 സെന്റി മീറ്റർ വലിപ്പമുള്ള ചില്ലുകുപ്പിയിലായിരുന്നു കുറിപ്പ്. കഴുത്ത് ചുരുങ്ങിയ കുപ്പിയുടെ മുകൾഭാഗം കോർക്കുകൊണ്ട് അടച്ചിരുന്നു. കുപ്പിക്കു പുറത്തേക്കുള്ള കോർക്കിന്റെ ഭാഗം ദ്രവിച്ച് തുടങ്ങിയനിലയിലായിരുന്നു. ഈ ഭാഗം മുറിച്ചുനീക്കിയാണ് കേടുപാടില്ലാതെ കുറിപ്പ് പുറത്തെടുത്തത്.
ജീവിതത്തിൽ ഒരിക്കൽ സംഭവിക്കുന്ന കാര്യമെന്നാണു കണ്ടെത്തലിനെക്കുറിച്ച് മെക്കാനിക്കൽ എൻജിനീയറായ റോസ് റസൽ അഭിപ്രായപ്പെട്ടത്. നിലവിലെ അറ്റകുറ്റപ്പണിയുടെ വിവരങ്ങൾ എഴുതി കുപ്പിയിലാക്കി സമാനരീതിയിൽ ലൈറ്റ് ഹൗസിൽ വയ്ക്കാനുള്ള തീരുമാനത്തിലാണ് എൻജിനീയറും സംഘവും.