"സ്നേക്ക് ഗേള്‍' അജിതാ പാണ്ഡെ; വേറിട്ട റിക്കാര്‍ഡിനുടമ
Saturday, November 23, 2024 1:55 PM IST
ആളുകള്‍ വ്യത്യസ്തങ്ങളായ റിക്കാര്‍ഡുകള്‍ തങ്ങളുടെ പേരില്‍ കുറിക്കാറുണ്ടല്ലൊ. എന്നാല്‍ ചിലര്‍ റിക്കാര്ഡിനല്ലാതെ പ്രവര്‍ത്തിച്ച് റിക്കാര്ഡിലെത്തിച്ചേരാറുണ്ട്. അത്തരമൊരു റിക്കാര്‍ഡ് സ്വന്തമായുള്ള ആളാണ് അജിതാ പാണ്ഡെ എന്ന യുവതി.
ഛത്തീസ്ഗഡിലെ ബിലാസ്പുരില്‍ നിന്നുള്ള ഇവര്‍ ഒരു നഴ്സിംഗ് ഓഫീസര്‍ ആണ്. എന്നാല്‍ അജിത റിക്കാര്‍ഡ് തീര്‍ത്തത് ആരോഖ്യമേഖലയിലല്ല. പാമ്പുകളെ പലയിടങ്ങളില്‍ നിന്നും രക്ഷിച്ചാണ് ഇവര്‍ റിക്കാര്‍ഡ് തീര്‍ത്തത്.
മൃഗസ്നേഹികളുടെ കുടുംബത്തില്‍ ആണ് അജിത ജനിച്ചത്. നായ്ക്കളും പശുക്കളുമൊക്കെ അവരുടെ വീട്ടില്‍ ധാരാളമുണ്ടായിരുന്നു. തന്റെ 18ാം വയസില്‍തന്നെ പാമ്പുകളെ പിടിക്കാനുള്ള പരിശീലനം അജിത നേടി.
പാമ്പുകളെ അനാവശ്യമായി കൊല്ലുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും അവയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും അജിതയ്ക്ക് ചിന്തയുണ്ടായിരുന്നു.അവര്‍ വിവിധയിടങ്ങളില്‍ എത്തി പാമ്പുകളെ പിടിച്ചു. മാത്രമല്ല അവയെ മറ്റൊരു പ്രകൃതിയില്‍ ഇറക്കിവിട്ടു. ഇവര്‍ പാമ്പിനെ നിര്‍ഭയമായി പിടിക്കുന്ന കാഴ്ച ആളുകളെ അദ്ഭുതപ്പെടുത്തി.
കുറച്ച് വര്‍ഷങ്ങളായി ഈ പ്രവൃത്തി അവര്‍ തുടരുന്നു. ആയിരത്തില്‍ അധികം പാമ്പുകളെ ഈ യുവതി ഇതുവരെ രക്ഷിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പാമ്പുകളെ രക്ഷപ്പെടുത്തിയാണ് യുവതി റിക്കാര്‍ഡ് ബുക്കില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്.
നഴ്സിംഗ് ഓഫീസറായി ജോലി ചെയ്യുന്ന അജിതയെ "സ്നേക്ക് ഗേള്‍' എന്നാണ് നെറ്റിസണ്‍സ് വിളിക്കുന്നത്. പാമ്പ് പ്രകൃതിക്ക് എന്തുമാത്രം ആവശ്യമെന്ന കാര്യം പൊതുജനങ്ങളെ തന്നാലാവും വിധം ബോധവത്ക്കരിക്കുമെന്ന് പറയുകയാണ് അജിത പാണ്ഡെ. ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇവരെ പിന്തുടരുന്നത്.