സൗജന്യമായി യാത്രചെയ്യാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക ട്രെയിന്‍
Friday, November 22, 2024 2:59 PM IST
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യയുടെ റെയില്‍വേ. പ്രതിദിനം 13,169 ട്രെയിനുകള്‍ ഓടുന്നതായാണ് കണക്ക്. യാത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് മിതമായ നിരക്കില്‍ എത്തിച്ചേരാന്‍ തീവണ്ടികള്‍ സഹായിക്കുന്നു.
ലോക്കല്‍ മുതല്‍ 2 ടയര്‍ എസി വരെയുള്ള ടിക്കറ്റുകള്‍ ഓരോ ട്രെയിനിനായും എടുക്കാന്‍ കഴിയും. നിലവില്‍ ഓണ്‍ലൈനായിത്തന്നെ ടിക്കറ്റ് ലഭിക്കും. എന്നാല്‍ ചില വിരുതന്മാര് ടിക്കറ്റെടുക്കാതെ യാത്രചെയ്യും. ഇവരെ പിടിച്ചാല്‍ ടിക്കറ്റ് എക്സാമിനര്‍ പിഴ ഈടാക്കും.
എന്നാല്‍ നമ്മുടെ രാജ്യത്ത് നയാപൈസാ ചിലവാക്കാതെ യാത്രചെയ്യാന്‍ കഴിയുന്ന ഒരു ട്രെയിനുണ്ട്. അന്തിക്കേണ്ട, സംഗതി സത്യമാണ്. പഞ്ചാബിനും ഹിമാചല്‍ പ്രദേശിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ഭക്ര-നംഗല്‍ ട്രെയിന്‍ ആണ് ഈ സൗജന്യയാത്ര സമ്മാനിക്കുന്നത്.
ഏതെങ്കിലും ഉത്സവമോ മറ്റൊ പ്രമാണിച്ച് ഒരൊറ്റദിവസം സൗജന്യയാത്ര നല്കുന്നു എന്ന് കരുതരുതേ. കഴിഞ്ഞ 75 വര്‍ഷമായി യാത്രക്കാര്‍ക്ക് സൗജന്യ യാത്ര ഈ ട്രെയിന്‍ നല്കുന്നു.
ഭക്ര-നംഗല്‍ അണക്കെട്ടിന് സമീപമുള്ള പ്രദേശങ്ങളിലൂടെ 13 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ആളുകള്‍ ഈ സവിശേഷ ട്രെയിനില്‍ സവാരി ആസ്വദിക്കാന്‍ വരുന്നു.
ഈ ട്രെയിനിന്റെ ചരിത്രം 1948-ല്‍ നടന്ന ഭക്ര-നംഗല്‍ അണക്കെട്ടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടിരിക്കുന്നു. യഥാര്‍ഥത്തില്‍, അണക്കെട്ടിന്റെ നിര്‍മാണത്തിനുള്ള തൊഴിലാളികളെയും സാമഗ്രികളെയും കൊണ്ടുപോകുന്നതിനാണ് ഇത് ഉപയോഗിച്ചിരുന്നത്. അണക്കെട്ട് പൂര്‍ത്തിയായ ശേഷം, പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരു ഗതാഗത മാര്‍ഗമായി തീവണ്ടി നിലനിര്‍ത്തി. അന്നുമുതല്‍ ഈ സൗജന്യസേവനം തുടരുന്നു.
ആദ്യം സ്റ്റീം എഞ്ചിനുകള്‍ ഉപയോഗിച്ചാണ് ഈ ട്രെയിന്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. 1953 മുതല്‍ അത് മാറി. ആധുനിക എഞ്ചിനുകള്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. ആളുകള്‍ക്ക് പ്രകൃതിരമണീയമായ റൂട്ട് ഒരു ചെലവും കൂടാതെ ആസ്വദിക്കാന്‍ ഇന്നും കഴിയുന്നു.
നംഗല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 7:05 ന് പുറപ്പെടുന്ന ട്രെയിന്‍ 8:20 ന് ഭക്രയിലെത്തും. വൈകുന്നേരം 3:05ന് നങ്കലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 4:20 ന് ഭക്ര റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്നു. ഇന്നും ദിവസവും എണ്ണൂറോളം പേരാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നത്...