മിനിസ്റ്റേഴ്സ് ട്രോഫി നിർമിച്ചതു കുട്ടി കലാപ്രതിഭ
നൗഷാദ് മാങ്കാംകുഴി
Thursday, November 14, 2024 12:19 PM IST
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ പ്രതിഭകളാകുന്ന കുട്ടി ശാസ്ത്രജ്ഞര്‍ ഏറ്റുവാങ്ങുന്ന മന്ത്രിയുടെ പേരിലുള്ള ട്രോഫി നിര്‍മിച്ചതു കുട്ടി കലാപ്രതിഭ. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കായി ആദ്യമായി ഏര്‍പ്പെടുത്തിയ എഡ്യൂക്കേഷന്‍ മിനിസ്റ്റേഴ്സ് എവര്‍ റോളിംഗ് ട്രോഫിയാണ് കറ്റാനം പോപ് പയസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ അഭിനന്ദു നിര്‍മിച്ചു നല്‍കുന്നത്.
അഭിനന്ദു മത്സരാര്‍ഥിയായി പങ്കെടുക്കുന്ന ആലപ്പുഴയിലെ സംസ്ഥാന ശാസ്ത്രമേളയിലേക്കാണ് ഈ ട്രോഫി നിര്മിച്ചുനല്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മൂന്നു വര്‍ഷവും സംസ്ഥാന ശാസ്ത്രോത്സവത്തില്‍ എ ഗ്രേഡ് നേടിയ അഭിനന്ദു ക്ലേ മോഡലിംഗിലാണ് ഇത്തവണ മത്സരിക്കുന്നത്.
അഭിനന്ദുവിനെ ട്രോഫി നിര്‍മാണത്തിനായി ബന്ധപ്പെട്ടതു ട്രോഫി കമ്മിറ്റി കണ്‍വീനര്‍ എം. മഹേഷാണ്. ചുണ്ടന് വള്ളവും പുരവഞ്ചിയും ലൈറ്റ് ഹൗസും തെങ്ങും ഉള്‍പ്പെട്ട ട്രോഫിയാണ് നിര്‍മിച്ചത്. ശാസ്ത്രോത്സവത്തിന്റെ ലോഗോ പതിപ്പിച്ച ഒരു ഗോളത്തെ രണ്ടു കുട്ടികള്‍ ചേര്‍ന്ന് താങ്ങിനിര്ത്തുന്നതായും ട്രോഫിയിലുണ്ട്.
രണ്ടടി വലുപ്പത്തില്‍ അഞ്ചു കിലോയോളം ഭാരം വരുന്ന ട്രോഫി തേക്കിന്‍തടിയിലും പിച്ചളയിലുമായാണ് നിര്‍മിച്ചിരിക്കുന്നത്. കറ്റാനം വെട്ടിക്കോട് നന്ദനത്തില്‍ സുരേഷിന്റെയും സൗമ്യയുടെയും മകനാണ് അഭിനന്ദു. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ബ്രഹ്മവില്ല് നിര്‍മിച്ചു നല്‍കുന്നത് അഭിനന്ദുവാണ്.