ചിരട്ടയിൽ വിരിയുന്നു ഡാലിന്റെ വിസ്മയങ്ങൾ
ടി.പി. സന്തോഷ്കുമാർ
Monday, November 11, 2024 9:08 AM IST
കരിമണ്ണൂർ കുറുന്പാലമറ്റം ഉപ്പൻമാക്കൽ വീടിന്റെ സ്വീകരണ മുറിയിലേയ്ക്ക് കടന്നു വരുന്നവർക്ക് ശിൽപ്പ ചാതുര്യത്തിന്റെ വിസ്മയക്കാഴ്ചകൾ സമ്മാനിക്കുകയാണ് ഗൃഹനാഥനായ ഡാലിൻ കുര്യാക്കോസ്.
സാധാരണ കർഷകക്കുടുംബത്തിൽ ജനിച്ച ഡാലിന്റെ കൈകളിൽ വിരിഞ്ഞ വിവിധ കരകൗശല രൂപങ്ങളാണ് ഈ സ്വീകരണ മുറിയെ വ്യത്യസ്തമാക്കുന്നത്. പാഴാക്കിക്കളയുന്ന ചിരട്ടയിലും മരത്തിന്റെ വേരുകളിലുമാണ് ഈ മനോഹര ശിൽപ്പങ്ങൾ ഡാലിൻ മെനഞ്ഞിരിക്കുന്നത്.
വർഷങ്ങൾ നീണ്ട പരിശീലനമോ പരിശ്രമമോ ഒന്നും ഡാലിന്റെ ഈ ശിൽപ്പചാതുരിക്കു വേണ്ടി വന്നില്ലായെന്നതാണ് ഏറെ കൗതുകകരം. വർഷങ്ങൾക്കു മുന്പ് പത്താം ക്ലാസ് പഠനം കഴിഞ്ഞിരിക്കുന്ന സമയം വീടിനു സമീപം പുരയിടത്തിൽനിന്നു മുറിച്ചുമാറ്റിയ കൂറ്റൻ കരിമരുതിന്റെ കുറ്റി കണ്ടപ്പോൾ കൗതുകം തോന്നി.
വേരുകൾ പൊട്ടിപ്പോകാതെ ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ കുറ്റി പുറത്തെടുത്തു. പിന്നീട് ഇതു ചെത്തിമിനുക്കി പോളീഷ് ചെയ്തെടുത്തതോടെ മനോഹരമായ ടീപ്പോയ് റെഡിയായി. വീടിന്റെ സ്വീകരണ മുറിയിലെ മുഖ്യ ആകർഷണവും കൂറ്റൻ മരക്കുറ്റിയിൽ തീർത്ത ടീപ്പോയ് തന്നെയാണ്.
മൂന്നു വർഷം, നൂറോളം ശിൽപ്പങ്ങൾ
പിന്നീട് കൃഷിയും റബർ വ്യാപാരവുമായി കഴിയുന്നതിനിടെ ഇത്തരം കാര്യങ്ങൾക്കൊന്നും സമയം ലഭിച്ചില്ല. കോവിഡ് കാലമായതോടെ കരിമണ്ണൂരിലുണ്ടായിരുന്ന റബർ കട നിർത്തി. പിന്നീട് കൃഷിയിലേയ്ക്ക് പൂർണ തോതിൽ ശ്രദ്ധിച്ചെങ്കിലും ഇതിന്റെ ഇടവേളകളിലാണ് ശിൽപ്പനിർമാണത്തിലേക്ക് കൈ വച്ചത്.
വീട്ടിൽ ഉപയോഗത്തിനെടുത്ത തേങ്ങയിൽനിന്നു പുറന്തള്ളുന്ന ഒരു ചിരട്ട പോലും പിന്നീട് പാഴായിപ്പോയില്ല. ഓരോന്നിന്റെയും ഘടനയ്ക്കനുസരിച്ചുള്ള ശിൽപ്പങ്ങൾ ഡാലിന്റെ കരങ്ങളിൽ പിറവിയെടുത്തു.
സാധാരണ ഹാക്സോ ബ്ലേഡും പശയും ഉപയോഗിച്ച് മൂന്നു വർഷത്തിനിടയിൽ ഡാലിൻ തീർത്തത് ചെറുതും വലുതുമായ നൂറോളം ശിൽപ്പങ്ങളാണ്. അലങ്കാരത്തിനു മാത്രമല്ല പലതും ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്.