"കിളിക്കൂട് പോലെ'; സര്‍ഗാത്മകവും അസാധാരണവുമായ ഒരു വീട്
Friday, November 8, 2024 2:25 PM IST
വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണല്ലൊ. അത് സ്വന്തമാക്കുവാന്‍ പലരും കഠിനാധ്വാനം ചെയ്യും. ചിലര്‍ സ്വപ്നവീട് പണയുമ്പോള് മറ്റുചിലര്‍ വളരെ ഭാവനാത്മകമായ വീട് പണിയും. അത്തരം വീടുകള്‍ ആളുകളില്‍ വലിയ കൗതുകം ജനിപ്പിക്കും.
അങ്ങനെയൊരു വീട് അടുത്തിടെ രാജസ്ഥാനില്‍ നിന്നും ശ്രദ്ധ നേടുകയുണ്ടായി. രാജസ്ഥാനിലെ ബിക്കാനീറിനടുത്തുള്ള പഞ്ചു ഗ്രാമത്തിലാണ് ഈ വേറിട്ട വീട്. ഈ വീട് വാസ്തവത്തില്‍ ഒരു മരം തന്നെയാണ്. അതായത് മരത്തിന് മുകളില്‍ വളരെ ശ്രദ്ധാപൂര്‍വം ഒരു വീട് തീര്‍ത്തിരിക്കുന്നു.
ഇവിടെയുള്ള ഒരു കര്‍ഷകനാണ് ഈ വീട് പണിതത്. അതും മുള്ളു നിറഞ്ഞ ഒരു മരത്തെയാണ് അദ്ദേഹം വീടാക്കി മാറ്റിയത്. വീടിനകത്ത് അത്യാവശ്യ സൗകര്യങ്ങള്‍ കാണാം. ഇന്റീരിയര്‍ ഡിസൈന്‍ വളരെ ആകര്‍ഷണീയമാണ്. തറയില്‍ പരവതാനികളാല്‍ അലങ്കരിച്ച ഒരു സുഖപ്രദമായ മുറിയും ചുവരുകളില്‍ ദേവതകളുടെ ചിത്രങ്ങളും ഉണ്ട്.
ഇരുമ്പ് ഗോവണി ഉപയോഗിച്ചാണ് വീട്ടിലേക്ക് കയറുന്നത്. താഴത്തെ ഭാഗം ചെളി കൊണ്ടും ചാണകം കൊണ്ടും നിര്‍മിച്ചതാണ്. സുരക്ഷയ്ക്കായി വീടിന് ഇരുമ്പ് ദണ്ഡുകളാല് പിന്തുണ നല്‍കുകയും ഒരു കയര്‍ ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്യുന്നു. ഒരു തടി വാതിലും വീടിനുണ്ട്.
ചിലപ്പോള്‍ നാട്ടുകാര്‍ ഇവിടെ കിടക്കാന്‍ വരുമത്രെ. ഈ മേഖലയില്‍ കഴിവ് തെളിയിച്ചവര്ക്കുപോലും ഇത്ര വേറിട്ടൊരു വീടുണ്ടാക്കാന്‍ കഴിയില്ലെന്ന് ആളുകള്‍ പറയുന്നു.
സമൂഹ മാധ്യമങ്ങളില്‍ വീടിനെ പ്രശംസിച്ചും ആശങ്ക പങ്കിട്ടും കമന്റുകള്‍ എത്തുന്നുണ്ട്. "വീടിന് ശക്തമായ കൊടുങ്കാറ്റിനെ നേരിടാന്‍ കഴിയുമോ' എന്നാണൊരാള്‍ കുറിച്ചത്. "വീട് അദ്വിതീയവും ആകര്‍ഷകവുമാണ്' എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.