അമ്മയാണ് ഗുരു; ഒന്നിലധികം വിഭവങ്ങള്‍ പാകം ചെയ്യുന്ന അഞ്ചുവയസുകാരന്
Tuesday, November 5, 2024 2:49 PM IST
പണ്ട് കുട്ടികള്‍ മണ്ണപ്പം ചുട്ടിരുന്നു. ചിരട്ട പാത്രങ്ങളാക്കി ഇലകള്‍ കറിയാക്കി അവര്‍ ബാല്യം ആഘോഷിച്ചു. എന്നാല്‍ കാലം സാങ്കേതിക വിദ്യയില്‍ കുരുങ്ങിയപ്പോള്‍ കുട്ടികളുടെ കണ്ണും മൊബെെല്‍ സ്ക്രീനുകളിലായി. പലര്‍ക്കും പ്രകൃതി എഐ കാട്ടുന്നതാണ്. വൈകാതെ ഇതിനൊക്കെ മാറ്റം വന്നേക്കാം.
ഇപ്പോഴിതാ ഈ മൊബൈലില്‍ നിന്നൊക്കെ മാറി അമ്മയ്ക്കൊപ്പം പാചകം ചെയ്യുന്ന ഒരു അഞ്ചുവയസുകാരന് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അഥര്‍വ എന്നാണ് ഈ കുട്ടിയുടെ പേര്. മൈസൂരില്‍ നിന്നുള്ള ഈ അഞ്ചുവയസുകാരന് തന്റെ അവധിക്കാലം അമ്മയില്‍ നിന്ന് പാചകം പഠിക്കാന്‍ തീരുമാനിച്ചത്രെ.
അതിന്‍പ്രകാരം അമ്മ ശ്രീവിദ്യയ്ക്കൊപ്പം അഥര്‍വ് തന്റെ പഠനം ആരംഭിച്ചു. മാണ്ഡ്യ നഗരവാസിയായ ശ്രീവിദ്യ മകനെ പ്രോത്സാഹിപ്പിക്കുകയും സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചും പയറുവര്ഗങ്ങളെക്കുറിച്ചും പഠിപ്പിക്കുകയും പാചക പരിജ്ഞാനം പങ്കുവെക്കുകയും ചെയ്തു.
കാലക്രമേണ, ഈ കുഞ്ഞ് പാചകക്കാരന് ചപ്പാത്തി, ദോശ, തക്കാളി ഭട്ട് (അരി), പുലാവ് എന്നിവയുള്‍പ്പെടെ കുറച്ച് വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പഠിച്ചു. ഇപ്പോള്‍ അഥര്‍വ് അമ്മയോടൊപ്പം കുടുംബത്തിന് ഭക്ഷണം പാകം ചെയ്യുന്നുണ്ട്.
അഥര്‍വയുടെ മാതാപിതാക്കള്‍ മെഴുകുതിരി വ്യാപാരം നടത്തുന്നവരാണ്. ഡിജിറ്റല്‍ യുഗമാണെങ്കിലും, പരമ്പരാഗത താത്പര്യങ്ങള്‍ കുട്ടികളില്‍ ഉണ്ടാകണമെന്ന് അവര്‍ പറയുന്നു. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളര്‍ച്ചയെ അത് സഹായിക്കുമെന്ന് അവര്‍ പറയുന്നു. എന്തായാലും ഈ കൊച്ച് പാചകക്കാരന് നെറ്റിസന്റെ മനം കവരുകയാണ്...