"മറന്നുപോയ ഉച്ചഭക്ഷണത്തിന് നന്ദി'; എന്നൊരു മഹാഭാഗ്യവാന്...
Monday, November 4, 2024 1:41 PM IST
ഭാഗ്യം ഏതുവഴി എങ്ങനെ വരുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലല്ലൊ. ചിലപ്പോള്‍ മോശം ദിവസം എന്ന് ചിന്തിക്കുന്ന ഒരു ദിനത്തിന്റെ അവസാനമാകും മഹാഭാഗ്യം എത്തുക. മറ്റു ചിലപ്പോള്‍ ആശുപത്രി വരാന്തയില്‍ രോഗിയായി നില്‍ക്കുമ്പോഴും ആകാം.
ഇവിടിതാ ഒരാള്‍ക്ക് ഉച്ചയൂണ് മറന്നതിനാലാണ് ഭാഗ്യം ഉദിച്ചത്. സംഗതി വിചിത്രമായി തോന്നുമെങ്കിലും സത്യമാണ്. മിസോറി ലോട്ടറി അധികൃതര്‍ ആണ് ഈ മഹാഭാഗ്യവാന്റെ കഥ ആദ്യം പുറത്തറിയിച്ചത്.
ഒരു സാധാരണ ജീവനക്കാരന് ആയിരുന്നു ഈ മനുഷ്യന്. ദിവസവും ചോറും പാത്രവുമായി ഓഫീസില്‍ പോകും കഷ്ടപ്പെട്ട് അധ്വാനിക്കും; തിരിച്ച് വീട്ടില്‍ വരും. ഒരുദിവസം ഇദ്ദേഹം ചോറ് എടുക്കാന്‍ മറന്നു. ഇക്കാര്യം അറിയിച്ച് ഭാര്യയുടെ വിളിയും വന്നു.
എന്നാല്‍ തിരിച്ച് വീട്ടില്‍ പോയി ലഞ്ച് ബോക്സ് എടുക്കാന്‍ നിന്നാല്‍ ഓഫീസില്‍ കയറാന്‍ വൈകും. അത് തെറി കേള്‍ക്കാന്‍ വഴിവെച്ചേക്കാം. അതിനാല്‍ അദ്ദേഹം ഒരു പലചരക്ക് കടയില്‍ കയറി. ഈ സമയം 30 ഡോളറിന്റെ ഒരു "മില്യണയര്‍ ബക്സ്' സ്ക്രാച്ചേഴ്സ് ഗെയിമില്‍ അദ്ദേഹം പങ്കെടുക്കുകയുണ്ടായി.
മൂന്ന് മില്യണ്‍ ഡോളര്‍ (25.24 കോടി രൂപ) ആയിരുന്നു ഒന്നാം സമ്മാനം. സാധാരണയായി ഇദ്ദേഹം ഈ ടിക്കറ്റ് എടുക്കാറില്ല. എന്നാല്‍ ഈ ഡോളര്‍ 60ന്റെ ടിക്കറ്റില്‍ ഇദ്ദേഹം മുമ്പും ഭാഗ്യം പരീക്ഷിച്ചിരുന്നു. പിന്നീട് ഇദ്ദേഹം തന്റെ ടിക്കറ്റ് സ്കാന്‍ ചെയ്യുകയുണ്ടായി. അതില്‍ ഒന്നാം സമ്മാനം ഇദ്ദേഹത്തിനാണെന്ന് തിരിച്ചറിഞ്ഞു.
ഞെട്ടിപ്പോയ ഇദ്ദേഹം തന്റെ ഭാര്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാല്‍ ഇദ്ദേഹം ഇത്തരം തമാശകള്‍ പറയുന്ന ആളായതിനാല്‍ അവര്‍ ആദ്യം ഇക്കാര്യം വിശ്വസിച്ചില്ല. പിന്നീട് സത്യമാണെന്നറിഞ്ഞ അവരും ഞെട്ടി. ഏതായാലും വിശപ്പ് ഭാഗ്യമായി മാറിയ സന്തോഷത്തിലാണ് ഈ കുടുംബം....