ദേവികയുടെ കരവിരുതിൽ വിരിയും ചന്തമേറും നെറ്റിപ്പട്ടങ്ങൾ
Monday, November 4, 2024 9:57 AM IST
ദേവികയുടെ കരവിരുതിൽ വിരിയുന്നത് ചന്തമേറും നെറ്റിപ്പട്ടങ്ങൾ. അധികമാർക്കും സ്വായത്തമാക്കാൻ കഴിയാത്ത കലാവിരുതാണ് കോന്നി അരുവാപ്പുലം വെണ്മേലില് എസ്. ദേവിക സ്വന്തമാക്കിയിരിക്കുന്നത്.
മെഴുവേലി പത്മനാഭോദയം ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അധ്യാപക പഠനം പൂര്‍ത്തീകരിച്ച് അധ്യാപന മേഖലയിലേക്ക് തിരിയാൻ ആഗ്രഹമുണ്ടെങ്കിലും നെറ്റിപ്പട്ടം നിർമാണം കൈവിടാൻ താത്പര്യമില്ല.
നാലുവര്‍ഷമായി നെറ്റിപ്പട്ട നിര്‍മാണത്തില്‍ ദേവിക സജീവമാണ്. കോന്നിയിലെ ഫാഷന്‍ ഡിസൈനര്‍ സീതി അജിത്തില്നിന്നാണ് നെറ്റിപ്പട്ടത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുത്തത്.
കോവിഡ് കാലഘട്ടത്തില്‍ സമയം ചെലവഴിക്കാന്‍ പഠിച്ച കലയാണിത്. ഇതിനോടകം നൂറോളം നെറ്റിപ്പട്ടങ്ങള്‍ ദേവിക നിര്‍മിച്ചിട്ടുണ്ട്. ഒന്നു മുതല്‍ 6.5 അടിവരെയുള്ള നെറ്റിപ്പട്ടങ്ങളാണ് ഇതേവരെ നെയ്തെടുത്തത്. കോന്നി, ഐരവണ്‍ ക്ഷേത്രങ്ങളിലും നെറ്റിപ്പട്ടങ്ങള്‍ നല്‍കിയിട്ടുണ്ട്. ആളുകളുടെ ഇഷ്ടം അനുസരിച്ചാണ് നിര്‍മിച്ചുനല്‍കുന്നത്.
അതിസൂക്ഷ്മമായി ഓരോ ഭാഗവും ചേര്‍ത്തുവച്ച് തയാറാക്കേണ്ടതിനാൽ അല്പം പോലും അശ്രദ്ധ നിർമാണകാര്യത്തിൽ ഉണ്ടാകാൻ പാടില്ല. നെറ്റിപ്പട്ടം പൂർത്തീകരിച്ചു കഴിയുന്പോൾ മനസിനുണ്ടാകുന്ന ആനന്ദം ഒന്നു വേറെതന്നെയാണ്.
കൈവഴക്കം വന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ നെറ്റിപ്പട്ടം നിര്‍മിച്ചെടുക്കാന്‍ സാധിക്കുമെന്ന് ദേവിക പറഞ്ഞു.
സ്ഥാപനങ്ങളിലും വീടുകളിലും വാഹനങ്ങളിലും അലങ്കാരത്തിന് ഉപയോഗിക്കുന്ന ഫാന്‍സി നെറ്റിപ്പട്ടങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍ എത്തുന്നത്. നാട്ടിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൂടാതെ വിദേശ മലയാളികള്‍ക്കുവേണ്ടിയും നെറ്റിപ്പട്ടം തയാറാക്കി നല്‍കാറുണ്ട്.
നിര്‍മിക്കുന്ന നെറ്റിപ്പട്ടങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഇതു കണ്ടാണ് ഒട്ടേറെ ആളുകള്‍ ഓര്‍ഡര്‍ നല്‍കുന്നതും ദേവിക പറഞ്ഞു.
ഗണപതി, പഞ്ചഭൂതം, ത്രിമൂര്‍ത്തികള്‍, നവഗ്രഹങ്ങള്‍, സപ്തര്‍ഷികള്‍, അഷ്ടലക്ഷ്മിമാര്, ലക്ഷ്മി, സരസ്വതി, പാര്‍വതി എന്നിങ്ങനെയാണ് നെറ്റിപ്പട്ടത്തിലെ നിര്‍മാണ രീതികള്‍. നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍നിന്നാണ് വാങ്ങുന്നത്.
അച്ഛന് നന്ദകുമാറും അമ്മ ശ്രീലേഖയും ദേവികയ്ക്കു പിന്തുണയുമായി ഒപ്പമുണ്ട്.