സ്വപ്നഭവനം പണിതതിനു നന്ദി; സമ്മാനം ലക്ഷങ്ങളുടെ റോളക്സ്
Friday, November 1, 2024 2:01 PM IST
വീട് എല്ലാവരുടെയും ഹൃദയമുള്ള ഇടമാണല്ലൊ. എത്ര കാതം പോയാലും അവിടേക്ക് തിരിച്ചെത്താന്‍ ആയിരിക്കുമല്ലൊ ആളുകള്‍ ആഗ്രഹിക്കുക. എന്നാല്‍ എല്ലാവര്ക്കും സ്വന്തമായി വീട് ഉണ്ടാവുകയില്ല.
ചിലര്‍ അതിനായി പരിശ്രമിക്കും. ചിലര്‍ ചില മോഡല്‍ വീടുകള്‍ സ്വപ്നം കാണും. അങ്ങനെയുള്ളവരില്‍ അപൂര്‍വം പേര് അത് സ്വന്തമാക്കും. ഇപ്പോഴിതാ തന്റെ സ്വപ്നഭവനം പൂര്‍ത്തീകരിച്ച കരാറുകാരന് ഒരാള്‍ സമ്മാനം നല്കിയ സംഭവം വലിയ വാര്‍ത്തയായിരിക്കുന്നു.
പഞ്ചാബിലെ വ്യവസായി ആയ ഗുര്‍ദീപ് ദേവ് ബാത്ത് ആണ് വീട് നിര്‍മിച്ച കരാറുകാരനായ രാജീന്ദര്‍ സിംഗ് രൂപയ്ക്ക് ഒരു വിലപിടിച്ച സമ്മാനം നല്‍കിയത്. അത് മറ്റൊന്നുമല്ല ഒരു റോളക്സ് വാച്ച് ആയിരുന്നു. ഏകദേശം 18 ലക്ഷത്തിന് മുകളിലാണ് ഇതിന്റെ വില.
സിരാക്പൂരിലെ ഒമ്പത് ഏക്കര്‍ എസ്റ്റേറ്റില്‍ ആണ് ഈ വീട് നിര്‍മിച്ചത്. പരമ്പരാഗത രാജസ്ഥാനി കോട്ടയോട് സാമ്യമുള്ളതാണ് വീട്. പ്രവേശന കവാടത്തില്‍ ഗര്‍ജിക്കുന്ന രണ്ട് സിംഹങ്ങളുണ്ട്. മുറ്റത്തായി മരങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഒരു വലിയ ജലധാരയുണ്ട്. വിശാലമായ ഹാളുകളും വ്യതിരിക്തമായ വാസ്തുവിദ്യാ സവിശേഷതകളും കൊട്ടാരസമാനമായ വീടിനുണ്ട്.
തന്റെ സ്വപ്ന ഭവനം പൂര്ത്തിയയതില് വ്യവസായി വലിയ സന്തോഷവാനായി. ഗുണനിലവാരം, സമയോചിതമായി പൂര്‍ത്തിയാക്കല്‍, സൂക്ഷ്മമായ ശ്രദ്ധ ഇതൊക്കെ കരാറുകാരന് പുലര്‍ത്തിയതായി ഗുര്‍ദീപ് തിരിച്ചറിഞ്ഞു. "ഇത് വെറുമൊരു വീടല്ല; അത് മഹത്വത്തിന്റെ ഒരു പ്രസ്താവനയാണ്, കാലാതീതമായ ചാരുത പ്രതിഫലിപ്പിക്കുന്നതിനായി ശ്രദ്ധാപൂര്‍വം രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചതാണ്,' എന്നാണ് ബാത്ത് പറഞ്ഞത്.
അതിനെ മാനിക്കാനായിട്ടാണ് അദ്ദേഹം ഇത്രയും വിലയുള്ള സമ്മാനം നല്‍കിയത്. അർപ്പണ മനോഭാവത്തിനുള്ള അംഗീകാരം എന്നാണ് ഇക്കാര്യം അറിഞ്ഞവര്‍ പറയുന്നത്...