"ഏകാന്തതയെ ആനന്ദമാക്കുന്ന വാക്കുകള്‍'; ഒരു ഡെലിവറി ഏജന്റ് പ്രകാശം പരത്തിയപ്പോൾ
Wednesday, October 30, 2024 3:51 PM IST
ഈ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം ഏതെന്ന് ചോദിച്ചാല്‍ മിക്കവര്‍ക്കും പറയാനുണ്ടാകുന്നത് ഏകാന്തത എന്ന മറുപടി ആയിരിക്കും. ഒരു സാമൂഹിക ജീവിയായ മനുഷ്യന് ഒറ്റപ്പെടലിനെ അത്രമാത്രം ഭയക്കുന്നു. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ നാം ആഗ്രഹിക്കുകയും ചെയ്യുന്നു.
ഇപ്പോള്‍ ദീപാവലി കാലമാണല്ലൊ. ജീവിതം തന്നെ പ്രകാശപൂര്ണമാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഈ ഉത്സവത്തെ വേണ്ടപ്പെട്ടവര്‍ക്കൊപ്പം അങ്ങ് കൊണ്ടാടുകയാണ്.
ന്നാല് അഞ്ചുവര്‍ഷം മുമ്പ് ഒരു ദീപാവലി കാലത്ത് താന്‍ ഒറ്റെപ്പട്ട നിമിഷവും അന്നത്തെ സംഭവവും ഒരു യുവതി സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ കുറിച്ചിട്ടുണ്ട്. നീന്ദ് ആപ്പിന്റെ സ്ഥാപകയും ഐഐടി ബോംബെ പൂര്‍വവിദ്യാര്‍ഥിനിയുമായ സുര്‍ഭി ജെയ്ന്‍ ആണ് ഈ വ്യക്തി. അവര്‍ ബംഗളൂരില്‍ ആയിരുന്നത്രെ അഞ്ചുവര്‍ഷം മുമ്പ്.
അന്ന് ആ ദീപാവലി കാലം അവരുടെ സുഹൃത്തുക്കളും ഫ്ലാറ്റ്മേറ്റുകളും സഹപ്രവര്‍ത്തകരും വീട്ടിലേക്ക് പോയി. ചുരുക്കത്തില്‍ ഒറ്റയ്ക്കായി. അത് ശരിക്കും സങ്കടകരവും ഏകാന്തവുമായ ദിവസമായിരുന്നു. ആളുകള്‍ ദീപങ്ങള്‍ കൊളുത്തി സന്തോഷിക്കുമ്പോള്‍ താന്‍ അത് കണ്ട് വരണ്ട ചിരിയോടെ നിന്നു.
അപ്പോഴാണ് ഒരു ഡെലിവറി ഏജന്റ് അവിടേയ്ക്ക് വന്നത്. അയാള്‍ ഭക്ഷണം കൈമാറിയ ശേഷം അവര്‍ക്ക് ദീപാവലി ആശംസയും നേര്‍ന്നു. രമേഷ് എന്നായിരുന്നു ആ വ്യക്തിയുടെ പേര്. ഒരു വലിയ സമൂഹത്തിനിനിടെ തനിച്ചായ തനിക്ക് നേരിട്ട് ദീപാവലി ആശംസിച്ച ഒരേയൊരു വ്യക്തി അയാളായിരുന്നത്രെ.
ആ ആശംസ വലിയ പോസിറ്റീവ്നെസ് ആണത്രെ സമ്മാനിച്ചത്. ചെറിയൊരു പുഞ്ചിരിയും അല്പം വാക്കും മാത്രം പക്ഷെ അത് വലിയ പ്രകാശം അന്ന് നല്കിയത്രെ. നമുക്കും മറ്റുള്ളവര്‍ക്ക് പോസിറ്റീവ്നെസ് നല്കാന് കഴിയണമെന്ന് നെറ്റിസണ്‍സിനോട് അവര്‍ പറഞ്ഞു നിര്‍ത്തുന്നു...