ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്
Wednesday, October 23, 2024 12:28 PM IST
നമുക്കിടയില്‍ ചില മനുഷ്യര്‍ അസാധാരണക്കാരായി മാറാറുണ്ടല്ലൊ. തങ്ങളുടെ ശാരീരികമായ പ്രത്യേകതകള്‍ കൊണ്ടാണ് ചിലര്‍ ശ്രദ്ധനേടുന്നത്. സാധാരണയിലും അധികം ഉയരമുള്ളവര്‍ ഇത്തരത്തില്‍ ശ്രദ്ധപിടിച്ചുപറ്റുന്നവരാണ്.
ഇന്ത്യയില്‍ ഏറ്റവും ഉയരം കൂടിയ മനുഷ്യനെ പറ്റിയാണ് ഈ പറയുന്നത്. ധര്‍മ്മേന്ദ്ര പ്രതാപ് സിംഗ് എന്ന ഉത്തര്പ്രദേശുകാരനാണിത്. ഇദ്ദേഹത്തിന് എട്ടടി രണ്ടിഞ്ച് ഉയരമുണ്ട്. പ്രതാപ്ഗഢ് ജില്ലയിലെ നര്ഹര്പുര് കാസിയാഹി ഗ്രാമത്തില്‍ താമസിക്കുന്ന ഈ 48 കാരന് 2007-ല്‍ ഗിന്നസിലും ലിംക ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ കയറിപ്പറ്റിയിരുന്നു.
എന്നാല്‍ ഇത്രയധികം പ്രശസ്തി ലഭിച്ചെങ്കിലും ഉയരം തനിക്കെന്നും ഭാരമാണെന്ന് അദ്ദേഹം പറയുന്നു. ഈ ഉയരം നിമിത്തം വിവാഹമൊ ജോലിയോ അദ്ദേഹത്തിന് ഉണ്ടായിട്ടില്ലത്രെ. ഇപ്പോള്‍ വിവാഹത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉപേക്ഷിച്ചു. ആളുകള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്താണത്രെ ഇദ്ദേഹം വരുമാനം കണ്ടെത്തുന്നത്.
ഇതിനായി മുംബൈയിലേക്കോ ഡല്‍ഹിയിലേക്കോ ഒക്കെ യാത്ര ചെയ്യാറുണ്ടായിരുന്നു. അതിനിടെ, 2013-ല്‍ ഒരു വാഹനാപകടത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. നിലവില്‍ സമാജ്വാദി പാര്‍ട്ടിയില്‍ തന്റെ രാഷ്ട്രീയ ഇന്നിംഗ് ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം. ഉയരം ശാരീരികപ്രയാസങ്ങള്‍ക്ക് കാരണമാണെങ്കിലും ഇത്തരത്തിലുള്ള ഐഡന്റികള്‍ സമ്മാനിക്കാന്‍ അത് ഉതകുന്നെന്നും ധര്‍മ്മേന്ദ്ര പറയുന്നു.
സുല്‍ത്താന്‍ കോസെന് എന്ന തുര്‍ക്കിക്കാരനാണ് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരമുള്ള പുരുഷന്. 8 അടി 2.82 ഇഞ്ചാണ് അദ്ദേഹത്തിന്റെ ഉയരം. തുര്‍ക്കിയിലെ ഒരു കര്‍ഷകനാണ് അദ്ദേഹം.