അവബോധം സൃഷ്ടിക്കാൻ നായകള്‍ക്കൊപ്പം ഒരു ഗിന്നസ് നടത്തം;
Monday, October 21, 2024 2:13 PM IST
പലതരം ഗിന്നസ് റിക്കാര്‍ഡുകള്‍ ദിനംപ്രതി പിറവി എടുക്കാറുണ്ടല്ലൊ. അവയില്‍ ചിലതെങ്കിലും ചില സന്ദേശങ്ങള്‍ നല്‍കാനായിരിക്കും. അത്തരത്തിലുള്ള റിക്കാര്‍ഡുകള്‍ക്ക് മാറ്റ് കൂടുതലായിരിക്കും. അത്തരമൊന്നിന്റെ കാര്യമാണിത്.
കാനഡയില്‍ നിന്നുള്ള മിച്ചല്‍ റൂഡി ആണ് ഈ ഗിന്നസ് നേട്ടക്കാരന്‍. 38 നായ്ക്കളുമായി ഒരേ സമയം നടന്നാണ് അദ്ദേഹം റിക്കാര്‍ഡ് തീര്‍ത്തത്. ഒരു കിലോമീറ്റര്‍ ദൂരമാണ് അദ്ദേഹം നടന്നത്. ദക്ഷിണ കൊറിയയിലെ ഗോസനില് വച്ചാണ് അദ്ദേഹം ഈ റിക്കാര്‍ഡ് നേടിയത്.
നേരത്തെ 36 നായ്ക്കളുമായി ഒരാള്‍ നടന്നതായിരുന്നു റിക്കാര്‍ഡ്. മിച്ചലിന് കനേഡിയന്‍ ചാരിറ്റി ബോങ്കും കൊറിയന്‍ കെ9 റെസ്ക്യൂവും ഈ ഉദ്യമത്തിനായി സ്പോണ്സര് ചെയ്തിരുന്നു. രക്ഷിച്ച നായ്ക്കള്‍ക്കായി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനായിട്ടായിരുന്നു ഈ നടത്തം.
സമീപപ്രദേശത്തുനിന്നും രക്ഷപ്പെടുത്തിയ നായകളുമായിട്ടാണ് ആ നടത്തം. ഈ നായകളെ താത്പര്യമുള്ളവര്‍ക്ക് ദത്തെടുക്കാനായി കെകെ9ആര് അവസരവുമൊരുക്കി.
ദക്ഷിണ കൊറിയയിലെ മൃഗസംരക്ഷണത്തിലെ സമീപകാല മുന്നേറ്റങ്ങളുമായി ഈ പരിപാടി ഒത്തുപോകുന്നു. ഈ വര്‍ഷം പട്ടിയിറച്ചി കഴിക്കുന്നത് നിരോധിക്കുന്ന ബില്ലിന് രാജ്യം അംഗീകാരം നല്‍കിയിരുന്നു.
നായകള്‍ വീടുകളില്‍ നമ്മുടെ സ്നേഹമേറ്റു വളരേണ്ടവയാണെന്ന് മിച്ചല്‍ പറയുന്നു. ഈ മൃഗങ്ങളെക്കുറിച്ചുള്ള ആളുകളുടെ ധാരണയില്‍ മാറ്റം കൊണ്ടുവരാന്‍ തന്നാലാകും വിധം ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.