ബിഹാര്‍ മെക്കാനിക്ക് തയാറാക്കിയ ഇ-സൈക്കിള്‍; കുട്ടികള്‍ക്ക് പ്രിയങ്കരം
Saturday, October 19, 2024 12:17 PM IST
ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ തന്റെ ഗ്രാമത്തില്‍ നിന്ന് കുട്ടികള്‍ സ്കൂളുകളിലേക്ക് ആയാസപ്പെട്ട് പോകുന്നത് ദിനം പ്രതി കാണുമായിരുന്നു ആ മനുഷ്യന്. ഒന്നുകില്‍ അത്ര ദൂരം നടന്നൊ അതല്ലെങ്കില്‍ സാധാരണ സൈക്കള് ചവിട്ടിയൊ ഒക്കെയായിരുന്നു ആ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ കണ്മുന്നിലൂടെ പോയിരുന്നത്.
തനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം വളരെ ആലോചിച്ചിരുന്നു. എന്നാല്‍ ഒരു മെക്കാനിക് ആയ തനിക്ക് പലതും കഴിയുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായി. പറഞ്ഞുവരുന്നത് ബീഹാറിലെ ചാര്‍പോഖാരി ബ്ലോക്കിലെ പസൂര്‍ ഗ്രാമത്തില്‍ നിന്നുള്ള മനോതോഷ് ശര്‍മ്മ എന്ന യുവാവിനെ കുറിച്ചാണ്.
തൊഴില്‍പരമായി വെല്‍ഡിംഗ് മെക്കാനിക്കായ മനോതോഷ് കുട്ടികള്‍ക്കായി തന്റെ ആറുമാസം വിനിയോഗിച്ചു. അങ്ങനെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് അദ്ദേഹം ഒരു നൂതന ഇ-സൈക്കിള്‍ സൃഷ്ടിച്ചു.
കുറഞ്ഞ പ്രയത്നത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതും താങ്ങാവുന്ന വിലയ്ക്ക് വില്‍ക്കാവുന്നതുമായ ഒരു സൈക്കിള്‍ ആയിരുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുമെന്നതാണ് ഇ-സൈക്കിളിന്റെ പ്രത്യേകത. ആര്‍ക്കെങ്കിലും പെഡലിലൂടെ ഓടിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, മോട്ടോര്‍ മോഡ് ഓഫാക്കി അത് ചെയ്യാന്‍ കഴിയും. നാല് മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ചെയ്താല്‍ ഏകദേശം 45 മുതല്‍ 50 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.
ഇ സൈക്കിളിന്റെ പരീക്ഷണയോട്ടം വലിയ വിജയമായിരുന്നു. മണിക്കൂറില്‍ 35 കിലോമീറ്റര്‍ ആയിരുന്നു ഇതിന്റെ വേഗത. സെെക്കിള്‍ ഫ്രെയിം നിര്‍മ്മിക്കുന്നതിനും ആവശ്യമായ എല്ലാ ഭാഗങ്ങളും സ്വന്തമാക്കുന്നതിനുമായി ഏകദേശം 22,000 രൂപ ചെലവായത്രെ. ഒരു മോട്ടോര്‍, ബാറ്ററി, ഹോണ്‍, ഇന്‍ഡിക്കേറ്റര്‍, ആക്സിലറേറ്റര്‍ എന്നിവ ഈ ചെലവില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ബാറ്ററിയും ചാര്‍ജറും സ്ഥാപിക്കാന്‍ അദ്ദേഹം ഒരു പെട്ടി തയാറാക്കിയിരുന്നു.
ഈ ശ്രദ്ധേയമായ നേട്ടം അദ്ദേഹത്തിന് ഗ്രാമവാസികളുടെ വ്യാപകമായ പ്രശംസ നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തം വിപണിയില്‍ എത്തിക്കാന്‍ സുഹൃത്തുക്കള്‍ ഉപദേശിക്കുകയുണ്ടായി. വിപണിയില്‍ സമാനമായ ഇ-സൈക്കിളുകള്‍ക്ക് 50,000 മുതല്‍ 60,000 രൂപ വരെയാണ് വില.
സമീപപ്രദേശങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് ആളുകള്‍ ഇത് വാങ്ങാനായി തന്നെ സമീപിക്കുന്നതായി മനോതോഷ് പറയുന്നു. തന്റെ ഗ്രാമത്തിലുള്ള കുട്ടികള്‍ ഇനി ഉത്സാഹത്തോടെ സ്കൂളുകളിലേക്ക് പോകുമെന്ന് അഭിമാനത്തോടെ ആ മെക്കാനിക് പറഞ്ഞുനിര്‍ത്തുന്നു....