നവജാത ശിശുവിനെ "മാ അംബെ' ആയി ഡോക്ടര്‍ ഒരുക്കിയപ്പോള്‍
Friday, October 18, 2024 12:27 PM IST
ഒരു കുഞ്ഞ് പിറക്കുമ്പോള്‍ കുടുംബത്തില്‍ എന്തൊരാനന്ദം ആയിരിക്കും. കാത്തുകാത്തിരുന്നെത്തുന്ന പൊന്നോമനയെ ഒരുനോക്ക് കാണാന്‍ ആശുപത്രിയുടെ ഇടനാഴിയില്‍ പിതാവും മുത്തച്ഛനും മുത്തശ്ശിയുമൊക്കെ നില്ക്കും. ഒരു നഴ്സൊ ഡോക്ടറൊ ഒക്കെ ആ മാലാഖക്കുഞ്ഞുമായി എത്തുന്ന നിമിഷം എത്ര ഹൃദ്യമാണ്.
എന്നാല്‍ കഴിഞ്ഞദിവസം ഒരു ഡോക്ടര്‍ നവജാത ശിശുവിനെ ബന്ധുക്കള്‍ക്ക് മുന്നിലെത്തിച്ചത് സവിശേഷകരമായ രീതിയിലായിരുന്നു. വിജയദശമി ദിനത്തില്‍ എത്തിയ കുഞ്ഞിനെ അവര്‍ മാ അംബെ ആയിട്ടാണ് അവതരിപ്പിച്ചത്.
അതായത് അംബിക ദേവി എന്ന ദുര്ഗയായിട്ട്. ദൃശ്യങ്ങളില്‍ പരമ്പരാഗത ചുവന്ന വസ്ത്രത്തില്‍ പൊതിഞ്ഞ കുഞ്ഞിനെ കാണാം. തലയില്‍ ഒരു കിരീടവും കാണാം. കുഞ്ഞുമായി ഡോക്ടറും നഴ്സും എത്തുമ്പോള്‍ ബന്ധുക്കള്‍ അതിശയിക്കുന്നു. ശേഷം മുത്തച്ഛനും മുത്തശ്ശിയും മറ്റ് ബന്ധുക്കളും കുട്ടിയുടെ കാലില്‍ തൊട്ടുതൊഴുന്നു. കവിളില്തൊട്ട് ലാളിക്കുന്നു.
ദൃശ്യങ്ങള്‍ വൈറലായി മാറി. നിരവധി കമന്റുകള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. "ഞാന്‍ ഇന്ന് കണ്ട ഏറ്റവും മനോഹരമായ കാര്യം!' എന്നാണൊരാള്‍ കുറിച്ചത്. എന്നാല്‍ അത്തരമൊരു വസ്ത്രധാരണം കുഞ്ഞിന് അസുഖകരമാണെന്ന് ചിലര്‍ ആശങ്കയുയര്‍ത്തുന്നു. "ഈ റീലുകളെല്ലാം മുതിര്‍ന്നവര്‍ക്ക് സുഖം തരുമായിരിക്കും. ഇത് നവജാതശിശുവിന് ബുദ്ധിമുട്ടായിരിക്കും, ഈ വസ്ത്രവും മേക്കപ്പും ധരിക്കുന്നതെങ്ങനെ ശരിയാകും. അത് വളരെ കുഞ്ഞല്ലെ' എന്നാണവര്‍ ചൂണ്ടിക്കാട്ടുന്നത്.