പക വീട്ടാനുള്ളതാണ്; നിയമപരമായി വില്ലനെ നേരിട്ട ഒരു മകളുടെ കഥ
ഋഷി
Thursday, October 17, 2024 2:06 PM IST
അച്ഛനെ കൊലപ്പെടുത്തിയ വില്ലനോട് പ്രതികാരം ചെയ്യുന്ന മക്കളുടെ കഥകൾ നമ്മൾ എത്രയോ കേട്ടിരിക്കുന്നു. സിനിമകളിൽ എത്രയോ കണ്ടിരിക്കുന്നു. എന്നാൽ തോക്കെടുക്കാതെ രക്തം ചിന്താതെ തികച്ചും നിയമപരമായി വില്ലനെ നേരിട്ട ഒരു മകളുടെ ജീവിത പോരാട്ടമാണ് ഇപ്പോൾ ബ്രസീൽ ചർച്ച ചെയ്യുന്നത്.
മികച്ച ഫുട്ബോൾ കളിക്കാർ മാത്രമല്ല മികച്ച പോലീസുകാരും ബ്രസീലിൽ ഉണ്ടെന്ന് തെളിയിക്കുകയാണ് ഈ സംഭവം. ബ്രസീലിലെ റൊറൈമയിലെ ബോവ വിസ്റ്റയിലെ താമസക്കാരിയും 35 വയസമുള്ള ഗിസ്ലൈൻ സിൽവ ഡി ഡ്യൂസ് - അവരാണ് ഈ കഥയിലെ നായിക. കഴിഞ്ഞ 25 വര്‍ഷമായി തന്റെ അച്ഛനെ കൊന്ന കൊലപാതകിയോട് പ്രതികാരം ചെയ്യാന്‍ അവസരം കാത്തിരിക്കുകയായിരുന്നു അവർ.
ഒടുവില്‍, സ്വപ്നത്തില്‍ മാത്രം കണ്ടിരുന്ന ആ പ്രതികാരം ഗിസ്ലൈൻ നടപ്പാക്കി. ഗിസ്‍ലൈന്റെ പ്രതികാരം ഇന്ന് ബ്രസീലും അമേരിക്കന്‍ വന്‍കരയും കടന്ന് വൈറലായിരിക്കുകയാണ്. അറിയാം ആ കഥ...
25 വർഷം മുന്‍പുള്ള ഒരു ഫ്ലാഷ്ബാക്ക്
ഗിസ്ലൈൻ സിൽവ ഡി ഡ്യൂസിന് അന്ന് ഒമ്പതു വയസ്. ഏതൊരു കുട്ടിയെയും പോലെ തന്റെ കുട്ടിക്കാലം അടിച്ചുപൊളിച്ച് ആഘോഷിക്കുകയായിരുന്നു അവൾ. 1999 ഫെബ്രുവരി 20,
അന്നൊരു ശപിക്കപ്പെട്ട ദിവസമായിരുന്നു. അവളുടെ ജീവിതത്തിലെ എല്ലാം നിറങ്ങളും കെട്ടുപോയ ദിവസം. മനസിൽ ആദ്യമായി പകയുടെ വിത്തുപാകിയ നാൾ.
അന്നായിരുന്നു അവളുടെ അച്ഛൻ കൊല്ലപ്പെടുന്നത്. സൂപ്പർമാർക്കറ്റ് ഉടമയായ ഗിസ്‍ലൈന്റെ പിതാവ് ഗിറാൾഡോ ജോസ് വിസെന്റ് ഡി ഡ്യൂസ് തന്റെ ജോലിക്കാരനായ റെയ്മണ്ടോ ആൽവസ് ഗോമസിന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.
ഒരു സുഹൃത്തിനൊപ്പം ഒരു പ്രാദേശിക ബാറിലെ നീന്തൽക്കുളത്തിൽ ഉല്ലസിച്ചുകൊണ്ടിരിക്കുമ്പോഴാണ് വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെടുന്നത്. കൊലപാതക കാരണം വ്യക്തമായിരുന്നു. ഗോമസ് അദ്ദേഹത്തോട് പണം കടം ചോദിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നപ്പോഴാണ് കൊല നടത്തിയത്.
ഫ്ലാഷ് ബാക്ക് അവസാനിക്കുന്നു
ഒരു ഒമ്പതു വയസുകാരിയുടെ മനസിൽ തന്റെ അച്ഛന്റെ കൊലപാതകം എത്ര ആഴത്തിൽ പതിഞ്ഞു എന്ന് കാലം കാണിച്ചു തന്നു. ഒമ്പതാം വയസ് മുതൽ അവൾ കാത്തിരിക്കുകയായിരുന്നു. തന്റെ അച്ഛനെ ഇല്ലാതാക്കിയ കൊലയാളിയോട് പകരംവീട്ടാൻ. സിനിമയിൽ ആണെങ്കിൽ കുട്ടി പെട്ടെന്ന് വലുതാവുകയും കണ്ടെത്തി പ്രതികാരം ചെയ്യുകയും ഒക്കെ ഉണ്ടാകും. പക്ഷേ ഇത് ജീവിതമായിരുന്നു. ഊണിലും ഉറക്കത്തിലും അവൾ സ്വപ്നം കണ്ടത് അച്ഛന്റെ കൊലയാളിയെ വെടിവച്ച് കൊലപ്പെടുത്തുന്നതല്ല.
അച്ഛന്റെ കൊലയാളിയെ പോലീസ് വിലങ്ങുവച്ച് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന കാഴ്ചയാണ്. ആ സ്വപ്നം അവൾ കണ്ടത് ഒന്നോ രണ്ടോ ദിവസമല്ല രണ്ടു പതിറ്റാണ്ടോളമായിരുന്നു. പഴകും തോറും വീഞ്ഞിന്റെ വീര്യം കൂടുംപോലെ പഴകുന്തോറും പകയുടെ വീര്യവും പതഞ്ഞു പൊങ്ങി.
ഉള്ളിൽ വളർന്ന പകയോടൊപ്പം ഗിസ്ലൈൻ എന്ന ഒമ്പതുവയസുകാരിയും വളർന്നു. ഒരു തോക്ക് കിട്ടാനോ അച്ഛന്റെ കൊലയാളിയെ നേർക്കുനേർ മുഖാമുഖം നിന്ന് നിറയൊഴിച്ചു കൊല്ലാനോ അവൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അതിനുള്ള ചങ്കുറപ്പും അവൾക്കുണ്ടായിരുന്നു. എന്നാൽ തന്റെ പ്രതികാരം നിയമപരമായിരിക്കണം എന്ന നിര്‍ബന്ധം ഗിസ്ലൈന് ഉണ്ടായിരുന്നു. ഇവിടെയാണ് ഈ പ്രതികാര കഥ നിയമപരമായി മുന്നോട്ടു പോകുന്നത്.
നിയമപരമായ ഒരു പോരാട്ടത്തിന് കച്ച മുറുക്കുമ്പോൾ നിയമം എന്തെന്നറിയേണ്ടേ... അതുകൊണ്ടുതന്നെ ഗിസ്ലൈന് 18 -ാം വയസില്‍ നിയമവിദ്യാര്‍ഥിയായി. നിയമംപഠിച്ചു. നിയമപരമായി പ്രതികാരം എങ്ങനെ നടപ്പാക്കാം എന്ന് മനസിലാക്കി. ഇനി വേണ്ടത് അധികാരമാണ്. പവർ. പവർ ഓഫ് പോലീസ്.
നിയമപഠനത്തിനുശേഷം അവൾ പോലീസില്‍ ചേർന്നു. ഗിസ്ലൈന് പോലീസ് സേനയിലെ ജനറൽ ഹോമിസൈഡ് ഡിവിഷനിലാണ് ചേര്‍ന്നത്. പിന്നീട് അച്ഛന്റെ കൊലയാളി ഗോമസിന്റെ പിന്നാലെയായിരുന്നു അവൾ. നിയമവഴിയിലും പോലീസ് സേനയിലും ചേരാനുള്ള ശ്രമങ്ങൾ നടത്തുമ്പോഴും പഠിക്കുമ്പോഴും അവളുടെ കണ്ണുകൾ സദാ ജാഗ്രതയോടെ ഗോമസിന്റെ പിന്നാലെ തന്നെയായിരുന്നു.
2013 -ൽ പോലീസ് ഗോമസിനെ അറസ്റ്റ് ചെയ്തു. കോടതി 12 വര്‍ഷം ശിക്ഷയും വിധിച്ചു. വിധിക്കെതിരേ അപ്പീല്‍ പോയ ഗോമസ്, ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പക്ഷേ, 2016 ല്‍ അവസാന അപ്പീലും നിരസിക്കപ്പെട്ടു. അതോടെ ഗോമസ് ഒളിവില്‍ പോയി. നീ എവിടെ പോയി ഒളിച്ചാലും നിന്റെ പിന്നാലെ ഞാൻ ഉണ്ടാകും എന്ന് ജീവിതം കൊണ്ട് ഉറപ്പിച്ച ആ ഒമ്പതു വയസുകാരിയുടെ അപാര കരളുറപ്പിന് മുന്നിൽ ഗോമസ് എന്ന വില്ലന്‍ പിടിച്ചുനിൽക്കാനായില്ല. പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ പോയെങ്കിലും അവളുടെ കണ്ണുവെട്ടിക്കാൻ അയാൾക്കായില്ല.
ഇക്കഴിഞ്ഞ സെപ്തംബര്‍ 25 ന് ബോവ വിസ്റ്റയ്ക്കടുത്തുള്ള നോവ സിഡേഡ് മേഖലയിലെ ഒരു ഫാമിൽ ഒളിച്ചുജീവിക്കുകയായിരുന്ന അറുപതുകാരനായ ഗോമസിനെ ഗിസ്ലൈന് കണ്ടെത്തി അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. അതൊരു വല്ലാത്ത നിമിഷമായിരുന്നു. തന്നെ സ്നേഹനിധിയായ അച്ഛനെ എന്നെന്നേക്കുമായി ഇല്ലാതാക്കിയ കൊലയാളിയെ ആ അച്ഛന്റെ മകൾ വിലങ്ങണിയിച്ച നിമിഷം !!
അവളുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ - എന്റെ അച്ഛന്റെ മരണത്തിന് ഉത്തരവാദിയായ മനുഷ്യൻ ഒടുവിൽ വിലങ്ങ് അണിഞ്ഞ് നിൽക്കുന്നത് കണ്ടപ്പോൾ, എനിക്ക് കണ്ണുനീർ തടയാൻ കഴിഞ്ഞില്ല, എന്റെ മനസിൽ വികാരങ്ങളുടെ വിസ്ഫോടനമായിരുന്നു, സ്വർഗത്തിലിരുന്ന് എന്റെ അച്ഛന്റെ ആത്മാവ് ഒരുപാട് സന്തോഷിക്കുന്നുണ്ടാവും എന്നെനിക്കറിയാം....
ആൽവസ് ഗോമസിന്റെ ശിക്ഷ കോടതി ശരിവച്ചു. കൊലയാളിയെ 12 വർഷത്തേക്ക് ജയിലില്‍ അടച്ചു. കോടതി മുറിയിൽ നിന്ന് ജയിലിലേക്ക് പോകുമ്പോൾ ഒരുപക്ഷേ അവൾ അയാളോട് പറഞ്ഞിരിക്കും - "ഓർമയുണ്ടോ ഈ മുഖം... ഓർമവേണം... നീ വെടിവെച്ചു വന്ന ഒരു പാവം മനുഷ്യന്റെ മകളാണ് ഞാൻ. ഈ നിമിഷത്തിനു വേണ്ടിയാണ് ഞാൻ കാത്തിരുന്നത്'.
ശരിക്കും ഗിസ്ലൈന് ഒരു പാഠപുസ്തകമാണ്. പോലീസിന്റെ അക്കാഡമിക് സിലബസിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒരു അധ്യായം. നിയമപരമായും പക വീട്ടാം എന്ന് ലോകത്തിന് കാണിച്ചുകൊടുത്ത ഗിസ്ലൈന് ഇന്ന് ബ്രസീലിൽ മാത്രമല്ല ലോകമെമ്പാടും സൂപ്പർ താരമാണ്.