കുമരകത്തെ മാലിന്യമുക്തമാക്കാൻ സ്പെയിൻ സ്വദേശിനി
കുര്യൻ കുമരകം
Thursday, October 17, 2024 10:17 AM IST
വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തെ മാലിന്യമുക്തമാക്കാൻ സ്പെയിൻ സ്വദേശിനിയും. വിനോദസഞ്ചാരത്തിനും ഒപ്പം ആയുർവേദ ചികിത്സയ്ക്കുമായി കുമരകത്തെത്തിയ സ്പെയിൻ സ്വദേശിനി സുസന്നെ കാതറീനാണ് മാലിന്യങ്ങൾ ശേഖരിച്ചത്.
ദൈവത്തിന്റെ സ്വന്തം നാടിനെ മാലിന്യസങ്കേതമാക്കുന്ന നാട്ടുകാർക്ക് ഇവിടെ തങ്ങുന്ന ഏതാനും ദിവസങ്ങളിലെങ്കിലും മാതൃക കാട്ടാനാണ് സൂസന്നെയുടെ തീരുമാനം. ആശാരിശേരി - ബസാർ റോഡിലെ പ്ലാസ്റ്റിക് കവറുകളും കുപ്പികളും ശേഖരിച്ചാണ് സൂസന്നെ കുമരകത്തെ മാലിന്യമുക്തമാക്കാൻ ശ്രമം ആരംഭിച്ചത്.
ശേഖരിക്കുന്ന മാലിന്യങ്ങൾ എന്തുചെയ്യുമെന്ന ചോദ്യത്തിന് താൻ താമസിക്കുന്ന റിസോർട്ടിൽ ഇവ നിക്ഷേപിക്കാൻ സംവിധാനം ഉണ്ടെന്നായിരുന്നു മറുപടി.
നാലു ദിവസങ്ങളായി സുസന്നെ കാതറിൻ കുമരകത്തെത്തിയിട്ട്. ആയുർവേദ ചികിത്സയ്ക്കു ശേഷം വൈകുന്നേരങ്ങളിൽ സവാരിക്കിറങ്ങുമ്പോൾ സൂസന്നെ പ്ലാസ്റ്റിക് ശേഖരിക്കാൻ ചാക്കും കൈയിൽ കരുതും. മൂന്നു ദിവസങ്ങൾക്കൊണ്ടാണ് അഞ്ച് ചാക്കു നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചതെന്നു സുസന്നെ പറഞ്ഞു.