ടാറ്റയെ ടാറ്റു കുത്തിയ മനുഷ്യന്; ആ സ്നേഹത്തിന്റെ കാരണം ഇതാണ്...
Tuesday, October 15, 2024 3:45 PM IST
കഴിഞ്ഞദിവസമാണല്ലൊ ഇന്ത്യകണ്ട ഏറ്റവും മികച്ച വ്യവസായികളിലൊരാളായ രത്തന്‍ ടാറ്റ അന്തരിച്ചത്. എന്നാല്‍ വിജയിച്ച ഒരു വ്യാപാരി എന്ന നിലയില്‍ അല്ല അദ്ദേഹം ജനഹൃദയത്തില്‍ ഇടം നേടിയത്. തന്റെ മനുഷ്യത്വപരമായ പ്രവൃത്തികള്‍ നിമിത്തമാണ് യഥാര്‍ഥത്തില്‍ അദ്ദേഹം മഹാനായി മാറിയത്.
ലക്ഷോപലക്ഷം ആളുകളാണ് അദ്ദേഹത്തെ നെഞ്ചിലേറ്റിയിട്ടുള്ളത്. അതിനാല്‍ത്തന്നെ 86-ാം വയസില്‍ അദ്ദേഹം വിട പറഞ്ഞപ്പോള്‍ പലരും കണ്ണീര് വാര്‍ത്തു. കുറേ പേര് തങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള മമത സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
എന്നാല്‍ കഴിഞ്ഞദിവസം ഒരു മനുഷ്യന് മുംബൈ ആസ്ഥാനമായുള്ള ടാറ്റൂ ആര്‍ട്ടിസ്റ്റ് മഹേഷ് ചവാന്റെ അരികിലെത്തി ഒരാവശ്യം പറഞ്ഞു. അത് മറ്റൊന്നുമല്ലായിരുന്നു തന്റെ ഇടനെഞ്ചില്‍ രത്തന്‍ ടാറ്റയുടെ ചിത്രം ടാറ്റുചെയ്ത് നല്‍കണമെന്നായിരുന്നു. മഹേഷ് ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുണ്ടായി.
എന്നാല്‍ ഈ പച്ച കുത്തലിന് പിന്നില്‍ ഹൃദയസ്പര്‍ശിയായ ഒരു കഥയുണ്ട്. അതായത് ഈ പച്ചകുത്താന്‍ എത്തിയ മനുഷ്യന്റെ ഉറ്റമിത്രത്തിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ബുദം പിടിപെട്ടിരുന്നു. അവര്‍ കഴിയുന്ന രീതിയില്‍ ചികിത്സിച്ചു. എന്നാല്‍ ഒരുഘട്ടം എത്തിയപ്പോള്‍ കൂടുതല്‍ തുകയുണ്ടെങ്കില്‍ മാത്രമമെ ചികിത്സ കഴിയു എന്നായി.
ഈ സമയം എന്തുചെയ്യണം എന്നറിയാതെ അവർ പകച്ചുപോയത്രെ. അന്നേരം ആരോ അവരോട് ടാറ്റ ട്രസ്റ്റിനെ സമീപിക്കാന്‍ പറഞ്ഞു. വലിയ പ്രതീക്ഷയില്ലാതെയാണ് അവര്‍ അവിടെ എത്തിയത്. എന്നാല്‍ അവരുടെ ഹൃദയത്തെ തൊട്ട പ്രതികരണമാണ് പിന്നീടുണ്ടായത്.
ചികിത്സ പൂര്‍ണമായും സൗജന്യമായി അവര്‍ നല്കി. ഏകദേശം ഒന്നര വര്‍ഷത്തിനുശേഷം ആ സുഹൃത്ത് സുഖം പ്രാപിച്ചു. ഈ സമയങ്ങളില്‍ ലക്ഷകണക്കിനാളുകള്‍ക്ക് ടാറ്റ ഇത്തരത്തില്‍ സഹായം ചെയ്യുന്നത് ഈ മനുഷ്യന് കണ്ടു. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആവശ്യമുള്ളവരെ സഹായിക്കാന്‍ ഈ മനുഷ്യനും ശ്രമം തുടങ്ങി.
തന്റെ ജീവിതത്തിലെ യഥാര്‍ഥ ഹീറോ ആയ ടാറ്റയെ എങ്ങനെ നെഞ്ചേറ്റാതിരിക്കുമെന്ന് ആ മനുഷ്യന് ചോദിക്കുന്നു. അത് സത്യമാണെന്ന് അദ്ദേഹത്തിന്റെ കഥകള്‍ അറിയാവുന്നവര്‍ കുറിച്ചു. അതേ ഇതിഹാസങ്ങള്‍ക്ക് മരണമില്ല. അവര്‍ സാധാരണക്കാരുടെ നെഞ്ചിലിടം പിടിച്ചവരാണല്ലൊ...