ഒരു പാക്കിസ്ഥാന് ആണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന കൈയക്ഷരം; വൈറല്‍
Friday, October 11, 2024 11:54 AM IST
പലർക്കും എഴുതാന്‍ പഠിക്കുന്നതിനേക്കാള്‍ ആശങ്ക ഉളവാക്കുന്ന ഒന്നാണല്ലൊ കൈയക്ഷരത്തിന്റെ വൃത്തി. പലരും പഠിക്കാന്‍ വലിയ മിടുക്കര്‍ ആയിരിക്കും. എന്നാല്‍ അവര്‍ എഴുതിയത് എന്താണെന്ന് ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നയാള്‍ക്ക് ചിലപ്പോള്‍ വായിക്കാന്‍ ആകണമെന്നില്ല.
ഇതിനാല്‍ത്തന്നെ നാലുവര ബുക്കൊക്കെ ചെറുപ്രായത്തിലെ നമ്മുടെ മുന്നില്‍ കാണുമല്ലൊ. അതില്‍ എഴുതി പഠിച്ച് കൈയക്ഷരം വൃത്തിയാക്കാനാണത്രെ.
എന്നാല്‍ ചില കുട്ടികള്‍ക്ക് മനോഹരമായ കൈയക്ഷരം കാണും. അതിനാല്‍ത്തന്നെ അവരുടെ ഉത്തരക്കടലാസ് ഒന്നുനോക്കാന്‍ തോന്നും. അത്തരക്കാര്‍ മിക്കപ്പോഴും ചിത്രകാരന്മാരും ആയിരിക്കും. ഇപ്പോഴിതാ അതിമനോഹരമായ കൈയക്ഷരം നിമിത്തം നെറ്റിസണ്‍സിന്റെ ശ്രദ്ധ നേടുകയാണ് ഒരു വിദ്യാര്‍ഥി.
അങ്ങ് പാക്കിസ്ഥാനിലാണ് ഈ കുട്ടിയുള്ളത്. പാക്കിസ്ഥാനിലെ പാരാചിനാര് ജില്ല കുറത്തിലെ ഈ കുട്ടി കുറം സ്കൂളിലെ വിദ്യാർഥിയാണ്.
ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ ഒരു പരീക്ഷാഹാള് ആണ് കാണാന്‍ കഴിയുന്നത്. നിരവധി കുട്ടികള്‍ക്കിടയില്‍ നമുക്ക് ആണ്‍കുട്ടിയെ കാണാം. ഒരു പരിശോധകന് ഈ കുട്ടിയുടെ ഉത്തരക്കടലാസ് ശ്രദ്ധിക്കുന്നു. അതില്‍ വേറിട്ട ഫോണ്ടില്‍ അച്ചടിച്ചുവച്ച പോലെയാണ് അക്ഷരങ്ങള്‍.
ആ അക്ഷരസൗന്ദര്യം ആരെയും അമ്പരപ്പിക്കും. നിരവധിപേര്‍ ഈ വിദ്യാര്‍ഥിയെ അഭിനന്ദിച്ച് രംഗത്തെത്തി. "നല്ല കൈയക്ഷരത്തിന് വിദ്യാര്‍ഥിക്ക് 10 അധിക മാര്‍ക്ക് നല്‍കണം' എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.