വീട് വൃത്തിയാക്കി, ഉടമയ്ക്ക് ചോറുംവച്ചു നല്കി; "തങ്കമാന കള്ളന്' പിടിയിലായി
Tuesday, October 8, 2024 11:57 AM IST
മോഷ്ടാക്കളെ മിക്കവര്‍ക്കും ഭയമാണല്ലൊ. സാധാരണയായി നാം സമ്പാദിച്ചതെല്ലാം ഇരുട്ടിന്റെ മറവില്‍ അല്ലെങ്കില്‍ നമ്മുടെ കണ്ണുവെട്ടിച്ച് തട്ടിയെടുക്കുന്നവരാണല്ലൊ ഇവര്‍. എല്ലാം തകര്‍ത്ത് കടന്നുകളയുന്ന ഇവരെ പിന്നീട് പോലീസാണ് കണ്ടെത്തുക.
എന്നാല്‍ ഈ കള്ളന്മാരില് ചില വ്യത്യസ്തരുണ്ട്. അവരുടെ ചെയ്തികള്‍ നമ്മളില്‍ ഭയത്തിന് പകരം കൗതുകം പകരും. അത്തരത്തിലുള്ള ഒരു കള്ളന് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. അങ്ങ് യുകെയിലാണ് ഈ മോഷ്ടാവുള്ളത്.
ഡാമിയന്‍ വോജ്നിലോവിച്ച് (36) ആണ് ഈ വ്യക്തി. ഇയാള്‍ സ്ത്രീകള്‍ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളില്‍ കയറിയാണ് മോഷണം നടത്തുക. എന്നാല്‍ മോഷ്ടിച്ച ശേഷം ചുമ്മാതങ്ങ് പോകുന്ന ആളല്ല ഇങ്ങേര്.
അടുത്തിടെ ഡാമിയന്‍ മോണ്മൗത്ത്ഷെയറില് ഒരു മോഷണം നടത്തി. ശേഷം ഇയാള്‍ വീട് വൃത്തിയാക്കാന്‍ തുടങ്ങി. പലചരക്ക് സാധനങ്ങള്‍ എടുത്ത് റഫ്രിജറേറ്ററില്‍ വെച്ചു. ഒരു ജോടി ഷൂസ് അഴിച്ച് റീസൈക്ലിംഗ് ബിന്നില്‍ ഇട്ടു. ഫ്രിഡ്ജ് പുനഃക്രമീകരിച്ചു. പക്ഷി തീറ്റകള്‍ വീണ്ടും നിറച്ചു. ചെടിച്ചട്ടികള്‍ കൃത്യമായ ഇടത്തുവച്ചു. അതുപോലെ, ടൂത്ത് ബ്രഷുകളും അടുക്കള പാത്രങ്ങളും ശരിയായ ഇടത്ത് വച്ചു. അല്പം വൈന്‍ സേവിച്ച ശേഷമാണ് ഡാമിയന്‍ പിന്നീട് ഇവിടം വിട്ടത്.
എന്നാല്‍ വീട്ടിലേക്ക് തിരിച്ചെത്തിയ ഉടമ ഞെട്ടി. തന്റെ വീട് വൃത്തിയായി ഇരിക്കുന്നു. എന്നാല്‍ മേശപ്പുറത്ത് വൈന്‍ കുപ്പി കിടക്കുന്നു. മാത്രമല്ല "വിഷമിക്കേണ്ട, സന്തോഷവതിയായിരിക്കൂ' എന്ന കുറിപ്പും കണ്ടു. ഇതോടെ അവര്‍ അയല്‍വാസിയോട് കാര്യം തിരക്കി. ആരോ ഒരാള്‍ തുണി അലക്കിക്കൊണ്ട് നില്‍ക്കുന്നത് കണ്ടതായി അയാള്‍ പറഞ്ഞു.
ഇതോടെ യുവതി കാര്യം പോലീസിനെ അറിയിച്ചു. തനിക്ക് അറിയാവുന്ന ആരോ ആണ് ഇക്കാര്യം ചെയ്തതെന്നാണ് യുവതി കരുതിയത്. അതോടെ മോഷ്ടാവ് പിടിക്കപ്പെടുന്നതുവരെ സുഹൃത്തിനൊപ്പമാണ് യുവതി സ്വന്തം വീട്ടില്‍ കഴിഞ്ഞത്.
രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഡാമിയന്‍ പിടിക്കപ്പെടുന്നത്. അതിനു കാരണം സാങ്കേതിക വിദ്യായാണെന്ന് പറയാം. ഡാമിയന്‍ പിന്നീട് മറ്റൊരു വീട്ടിലും മോഷണം നടത്തി.എന്നാല്‍ വീട്ടുടമസ്ഥന്റെ ഫോണിലേക്ക് സിസിടിവിയില്‍ നിന്നുള്ള അലര്‍ട്ട് ലഭിച്ചു. ഉടമസ്ഥന് സിസിടിവി പരിശോധിച്ചപ്പോള്‍ മോഷ്ടാവ് വീട്ടിലൂടെ നടക്കുന്നതാണ് കണ്ടത്.
ഈ വീടും വൃത്തിയാക്കാന്‍ ഡാമിയന്‍ തീരുമാനിച്ചു. വീട്ടുടമസ്ഥന് തന്റെ ബന്ധുവിനോട് വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞു. അദ്ദേഹം എത്തുമ്പോള്‍ മദ്യപിച്ച് ലക്കുകെട്ട് നില്‍ക്കുകയാണ് മോഷ്ടാവ്. ചോദ്യം ചെയ്യുന്നതിനിടയില്‍ ഇയാള്‍ സ്ഥലംവിട്ടു.
എന്നാല്‍ പിന്നീട് പോലീസെത്തി ഡാമിയനെ കൈയോടെ പിടികൂടി. എന്തായാലും ഇത്ര വൃത്തിയുള്ള ഒരു മോഷ്ടാവിനെ കണ്ടിട്ടില്ലെന്നാണ് നെറ്റിസണ്‍സ് പറയുന്നത്...