ധോണിയെ കാണാന്‍ 1,200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി എത്തിയ ആരാധകന്
Saturday, October 5, 2024 11:52 AM IST
ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആരാധകരുള്ള ഒരാളാണല്ലൊ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യയ്ക്കായി ലോകകപ്പുകള്‍ നേടിത്തന്നിട്ടുള്ള ഇദ്ദേഹം ഐപിഎല്‍ മത്സരങ്ങളില്‍ ചെന്നൈയ്ക്കായി ഇപ്പോഴും കളിക്കുന്നുണ്ട്. ഇക്കാരണത്താല്‍ത്തന്നെ സിഎസ്കെ ടീമിന് വലിയ പിന്തുണയാണുള്ളത്.
ഇപ്പോഴിതാ ധോണിയെ കാണാന്‍ 1,200 കിലോമീറ്റര്‍ സൈക്കിള്‍ ഓടിച്ചുപോയ ഒരു ആരാധകന് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഡല്‍ഹിയില്‍ നിന്നുള്ള ഗൗരവ് കുമാര്‍ ആണ് ഈ വ്യക്തി. റാഞ്ചിയിലേക്ക് ഏകദേശം 1,200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് ഇയാള്‍ ധോണിയുടെ ഫാം ഹൗസില്‍ എത്തിയത്.
ഇന്‍സ്റ്റഗ്രാം ദൃശ്യങ്ങളില്‍ ഇയാള്‍ കാത്ത് നില്ക്കുമ്പോള് ധോണി തന്റെ കാറില്‍ കയറി പോകുന്നതായി കാണാം. ആരാധകന് ഈ നിമിഷം മൊബൈലില്‍ പകര്‍ത്തുന്നുണ്ടെങ്കിലും ധോണി ഗൗരവിനെ ശ്രദ്ധിക്കാതെ കടന്നുപോകുന്നു.
സാധാരണ തന്റെ ആരാധകരെ ധോണി നിരാശപ്പെടുത്താറില്ല. ഒരുപക്ഷേ അദ്ദേഹം മറ്റെന്തെങ്കിലും തിരക്കില്‍ ആയിരിക്കാം അല്ലെങ്കില്‍ കണ്ടിരിക്കില്ല എന്നാണ് നെറ്റിസണ്‍സ് പറയുന്നത്. എന്നാല്‍ ഗൗരവിനിത് ആദ്യത്തെ അനുഭവമല്ല.
നേരത്തെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ഇതേ ലക്ഷ്യവുമായി ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് സൈക്കിള്‍ ചവിട്ടിയിരുന്നു, പക്ഷെ അന്നും ധോണിയെ കാണാനായില്ല. എന്തായാലും സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ പ്രയത്നങ്ങള്‍ ധോണി അറിയണം എന്നതാണ് ഗൗരവിന്റെ മോഹം. "വിഷമിക്കേണ്ട, ശ്രമം തുടരുക' എന്നാണൊരാള്‍ കുറിച്ചത്.