ജാപ്പനീസ് ശൈലിയിലുള്ള "പോഡ്-സ്റ്റൈല്‍'; "പ്രെറ്റി കൂള്‍' എന്ന് ആനന്ദ് മഹീന്ദ്ര
Thursday, September 26, 2024 10:42 AM IST
വേറിട്ട കണ്ടുപിടിത്തങ്ങള്‍ക്ക് പേരുകേട്ടവരാണല്ലൊ ജപ്പാന്‍കാര്‍. അവരുടെ പല കണ്ടുപിടിത്തങ്ങളും വര്ഷങ്ങള്ക്കിപ്പുറമാകും മറ്റ് രാജ്യങ്ങള്‍ ഉപയോഗിച്ച് തുടങ്ങുക. 1979-ല്‍ ജപ്പാനില്‍ ആദ്യമായി തുടങ്ങിയ ഒന്നാണ് പോഡ് അല്ലെങ്കില്‍ ക്യാപ്സ്യൂള്‍ ഹോട്ടല്‍.
വാസ്തുശില്പിയായ കിഷോ കുറോകാവയുടെ ആശയമാണ് ക്യാപ്സ്യൂള്‍ ഹോട്ടല്‍. തിരക്കുള്ള പ്രഫഷണലുകള്‍ക്കും യാത്രക്കാര്‍ക്കും താങ്ങാനാവുന്നതും കാര്യക്ഷമവുമായ താമസസൗകര്യം പ്രദാനം ചെയ്യുന്നതിനാണ് ഈ ക്യാപ്സ്യൂള്‍ ഹോട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അടുത്തിടെ, ഈ നൂതന ഹോസ്പിറ്റാലിറ്റി ഇന്ത്യയും അനുകരിക്കുകയുണ്ടായി. നോയിഡ സെക്ടര്‍ 62 ലെ പോഡ്-സ്റ്റൈല്‍ ഹോട്ടലാണ് നാപ്റ്റാഗ്ഗോ. അടുത്തിടെ, ഒരു ട്രാവല്‍ വ്ലോഗര്‍ ഈ ഹോട്ടലില്‍ താമസിക്കുകയുണ്ടായി.
മുറിയില്‍ ഒരൊറ്റ കിടക്ക, കണ്ണാടി, കണ്ട്രോള് പാനല്‍, ചാര്‍ജിംഗ് പോയിന്റുകള്‍, മാനുവല്‍, കേന്ദ്രീകൃത ലോക്കുകള്‍, ഒരു വിനോദ സ്ക്രീന്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. "തികച്ചും വൃത്തിയുള്ളത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സാധാരണ വാഷ്റൂമും ഇതിനുണ്ട്.
ഈ വ്ലോഗര്‍ പോഡ് ഹോട്ടലിന്റെ ഉള്‍ച്ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുണ്ടായി. "പ്രെറ്റി കൂള്‍' എന്നാണ് ഈ ചിത്രങ്ങളോട് ആനന്ദ് മഹീന്ദ്ര പ്രതികരിച്ചത്. എട്ടു മണിക്കൂര്‍ താമസം വലിയ പോസിറ്റീവ്നെസ് ആണ് നല്‍കിയതെന്ന് ഈ യാത്രക്കാരി സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല നിരക്ക് വളരെ കുറവാണു താനും. 12 മണിക്കൂര്‍വരെ 1000 രൂപ മാത്രമാണത്രെ. സീസണ് അല്ലാത്ത സമയം ഇതിലും കുറയും.
എന്നാല്‍ സൗണ്ട് പ്രൂഫിംഗ് ഇല്ലാത്തത് പ്രശ്നമാണെന്ന് അവര്‍ പറയുന്നു. എന്തായാലും നോയിഡയിലെ ജാപ്പനീസ് ശൈലിയിലുള്ള പോഡ് ഹോട്ടല്‍ ഇപ്പോള്‍ ജനശ്രദ്ധ നേടുകയാണ്.