"എഐ ഓട്ടോ'; ഈ ഡ്രൈവര്‍ സ്മാര്‍ട്ടാണ്
Tuesday, September 24, 2024 11:46 AM IST
ഓട്ടോറിക്ഷകള്‍ നമുക്ക് സുപരിചിതമാണല്ലൊ. ഈ മുച്ചക്രം "സാധാരണക്കാരന്റെ ബെന്‍സ്' എന്ന ലേബലില്‍ ആണ് അറിയപ്പെടാറുള്ളത്. കുറഞ്ഞ പെെസയ്ക്ക് കാറ്റും കൊണ്ടുള്ള "ഓട്ടോ യാത്ര' നാട്ടിൻപുറങ്ങളിൽ ഹിറ്റായിരുന്നു.
എന്നാല്‍ അടുത്തിടെ ബംഗളൂരില്‍ നിന്നും വന്ന ഓട്ടോ വാര്‍ത്തകള്‍ അത്ര നല്ലതല്ലായിരുന്നു. ഓല ഓട്ടോ റൈഡ് റദ്ദാക്കിയതിന് ഒരു സ്ത്രീയെ ഡ്രൈവര്‍ തല്ലിയ സംഭവം വലിയ വിവാദമായി മാറി. അതുപോലെ ഓട്ടോയില്‍ സ്കൂള്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയതും ചര്‍ച്ചയായി മാറി.
ഇപ്പോഴിതാ അവിടെ നിന്നുള്ള മറ്റൊരു ഓട്ടോഡ്രൈവര്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറുകയാണ്. എന്നാല്‍ ഇത്തവണത്തെ ചര്‍ച്ച പോസിറ്റീവാണ്. കാരണം ഇദ്ദേഹം ഒരു "സാങ്കേതിക വിദഗ്ധന്‍' ആണത്രെ.
എക്സിലെത്തിയ ചിത്രത്തില്‍ ഇദ്ദേഹം യാത്രക്കാരുമായുള്ള പണമിടപാടിനായി ഡിജിറ്റല്‍ മാര്‍ഗം ഉപയോഗിക്കുന്നതായി കാണാം. പണമിടപാട് സുഗമമാക്കുന്നതിനായി ക്യുആര്‍ സ്കാന്‍ കോഡ് തന്റെ വാച്ചിലാണ് ഇദ്ദേഹം സെറ്റ് ചെയ്തിരിക്കുന്നത്. ചുരുക്കത്തില്‍ സ്ഥലമെത്തുമ്പോള്‍ ആളുകള്‍ക്ക് വാച്ച് കാട്ടിക്കൊടുക്കും. അവര്‍ സ്കാന്‍ ചെയ്ത് പണിമിടും. സമയലാഭം മാത്രമല്ല ചില്ലറ തര്‍ക്കവും ഒഴിവാക്കാന്‍ കഴിയുന്നു.
ഐടി ഹബ്ബിലെ സാങ്കേതിക വിദഗ്ധനായ റിക്ഷാ ഡ്രൈവറിന്റെ വിശേഷം വിശ്വജീത് എന്ന വ്യക്തിയാണ് നെറ്റസിണ്സിന് മുന്നിലെത്തിച്ചത്. നിരവധിപേര്‍ കമന്റുകളുമായി രംഗത്തെത്തി. "ഇതാണ് ഡിജിറ്റല്‍ ഇന്ത്യയുടെ മാന്ത്രികത' എന്നാണൊരാള്‍ കുറിച്ചത്.