"തലച്ചോര്‍' ഉപയോഗിച്ച് അലക്സയെ നിയന്ത്രിക്കുന്ന ആള്
Wednesday, September 18, 2024 11:48 AM IST
ഇക്കാലത്ത് അലക്സയേയും സിരിയേയും അറിയാത്തവര്‍ നന്നേ കുറവായിരിക്കുമല്ലൊ. "അലക്സാ ഒരു പാട്ട് വയ്ക്കൂ' എന്നു പറയേണ്ട താമസം ആമസോണിന്റെ ഈ എഐ പാട്ട് വച്ചിരിക്കും.
എന്നാല്‍ ഇത്തരത്തില്‍ പറയുന്നതിന് പകരം ചിന്ത കൊണ്ട് കാര്യങ്ങള്‍ നടത്തിയാലൊ. അസംഭവ്യം എന്ന് തോന്നാമെങ്കിലും സംഗതി ഇപ്പോള്‍ നടന്നിരിക്കുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു വയോധികനാണ് ഇത്തരമൊരു കാര്യം ചെയ്തത്.
മാര്‍ക് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. മാര്‍ക്കിന് തന്റെ "തലച്ചോര്‍' ഉപയോഗിച്ച് ആമസോണ്‍ അലക്സയെ "നിയന്ത്രിക്കാന്‍' കഴിയുമത്രെ. ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യത്തെ മനുഷ്യനാണ് ഈ 64കാരന്.
അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലിറോസിസ് എന്ന രോഗമുള്ള ആളാണ് ഇദ്ദേഹം. ഭാഗികമായി തളര്‍വാതം ബാധിച്ച മാര്‍ക്കിന് ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബിസിഐ) സാങ്കേതികവിദ്യ ചികിത്സയാണെന്ന് പറയാം. 2023 ഓഗസ്റ്റില്‍ ആണ് അദ്ദേഹത്തിന് ബിസിഐ ഇംപ്ലാന്റ് ചെയ്തത്.
മനുഷ്യ മസ്തിഷ്കത്തിലെ സിഗ്നലുകള്‍ വിവര്‍ത്തനം ചെയ്യുന്നതിനും സാങ്കേതികമായി ശാരീരികമായി ഇടപഴകാതെ അതിന്റെ ഉപയോഗം പ്രാപ്തമാക്കുന്നതിനും വേണ്ടിയാണ് ഈ ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് മാര്‍ക്കിന്റെ കഴുത്തിന്റെ അഗ്രഭാഗത്ത് രക്തപ്രവാഹത്തിലൂടെ ഘടിപ്പിക്കുകയും സ്വമേധയാ ഉള്ള ചലനങ്ങളെ നിയന്ത്രിക്കുന്നതിന് തലച്ചോറിന്റെ പ്രദേശമായ മോട്ടോര്‍ കോര്‍ട്ടക്സില്‍ സ്ഥാപിക്കുകയും ചെയ്തു
മസ്തിഷ്ക സിഗ്നലുകള്‍ വയര്‍ലെസ് ആയി കൈമാറാന്‍ ഈ സാങ്കേതികത ഉപകരണത്തെ പ്രാപ്തമാക്കുന്നു. അതിനാല്‍, ഉപകരണത്തില്‍ സ്പര്‍ശിക്കുകയോ അലക്സാ അസിസ്റ്റന്റിനോട് സംസാരിക്കുകയോ ചെയ്യാതെ അത് പ്രവര്‍ത്തിപ്പിക്കാന്‍ അദ്ദേഹത്തിനാകുന്നു.
വീഡിയോ കോളുകള്‍ ചെയ്യാനും സംഗീതം പ്ലേ ചെയ്യാനും സ്ട്രീമിംഗ് ഷോകള്‍ പ്രവര്ത്തിപ്പിക്കാനൂം അദ്ദേഹത്തിന് ഇപ്പോള്‍ തന്റെ ചിന്ത വഴി കഴിയുന്നു.
ഈ നേട്ടം മാര്‍ക് പോലുള്ള രോഗികളില്‍ വലിയ മാറ്റം ഭാവിയിൽ കൊണ്ടുവരുമെന്ന് ബിസിഐ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന സിന്‍ക്രോണിന്റെ സിഇഒ ടോം ഓക്സ്ലി പറയുന്നു. ഇപ്പോള്‍ ടീം യുഎസിലും ഓസ്ട്രേലിയയിലും പത്ത് രോഗികളില്‍ മാത്രമേ അവരുടെ ബിസിഐ ഇംപ്ലാന്റ് ചെയ്തിട്ടുള്ളൂ. ഭാവിയില്‍ ലോകമെന്പാടും ഇതെത്താം. ക്രിയയ്ക്ക് കാരണമാകുന്ന ഊര്‍ജമായി ചിന്ത മാറുന്ന കാലം വിദൂരമല്ലെന്ന് ചുരുക്കം...