സത്യസന്ധതയുടെ മഹത്വം; ഡയമണ്ട് പെന്ഡന്റടങ്ങിയ ബാഗ് ഓട്ടോയില്‍ മറന്നപ്പോള്‍ സംഭവിച്ചത്
Tuesday, September 10, 2024 11:05 AM IST
ലോകം കള്ളന്മാരുടെ കൂടെയാണല്ലൊ. പലരും തങ്ങളുടെതല്ലാത്ത മുതലുകള്‍ തഞ്ചത്തില്‍ കൈക്കലാക്കാറുണ്ട്. പലപ്പോഴും ആളുകള്‍ മറന്നുവയ്ക്കുന്ന കാര്യങ്ങള്‍ പലരും ആരുടേതെന്ന് അന്വേഷിക്കാതെ കൈവശപ്പെടുത്തും.
ആളുകള്‍ മിക്കപ്പോഴും ടാക്സി വാഹനങ്ങളില്‍ ഇത്തരത്തില്‍ സാധാനങ്ങള്‍ മറന്നുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റില്‍ അത്തരത്തിലുള്ള ഒരു കാര്യവും തുടര്‍ന്നുണ്ടായതും വൈറലാവുകയാണ്.
ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. അര്‍ണവ് ദേശ്മുഖ് എന്നയാളാണ് തന്റെ സുഹൃത്തിനുണ്ടായ കാര്യം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. ഇദ്ദേഹത്തിന്റെ സുഹൃത്ത് ഒരു ഓട്ടോയില്‍ കയറുകയുണ്ടായി. എന്നാല്‍ ഇറങ്ങുമ്പോള്‍ തന്റെ ബാഗ് അവര്‍ ഓട്ടോയില്‍ മറന്നുവച്ചു.
ആ ബാഗില്‍ വിലപിടിപ്പുള്ള ഡയമണ്ട് പെന്‍ഡന്റും അവളുടെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ അടക്കം ഉണ്ടായിരുന്നു. പരേതയായ മുത്തശി അവള്‍ക്ക് സമ്മാനിച്ചതായിരുന്നു ആ ഡയമണ്ട് പെന്‍ഡന്റ്.
ബാഗ് നഷ്ടപ്പെട്ടതായി അറിഞ്ഞതോടെ ഇരുവരും പരിഭ്രാന്തരായി. അവള് യുപിഐ മെസഞ്ചര്‍ വഴി ഡ്രൈവറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ഒടുവില്‍ അര്‍ണവും സുഹൃത്തും ഗുരുഗ്രാം പോലീസിനെ സമീപിച്ചു. അവരും അന്വേഷണം തുടങ്ങി.
ഈ സമയം ഈ ഡ്രൈവര്‍ ഇവരെ തേടി നടക്കുകയായിരുന്നത്രെ. മനീറുള്‍ ജമാന്‍ എന്ന ഓട്ടോ ഡ്രൈവര്‍ ബാഗുമായി എത്തിയതായി ഒരാള്‍ അര്‍ണവിനെ അറിയിച്ചു. അവര്‍ എത്തി പരിശോധിക്കുമ്പോള്‍ സ്വര്‍ണചെയിന്‍ ഉള്‍പ്പെടെ ബാഗിലെ ഓരോ സാധനങ്ങളും തൊടാതെയും കേടുകൂടാതെയുമുണ്ടെന്ന് കണ്ടെത്തി.
ഓട്ടോഡ്രൈവറുടെ പ്രവൃത്തി എല്ലാവരുടെയതും മനം കവര്‍ന്നു. "നല്ല ആളുകള്‍ ഉണ്ട്; ലോകത്തെ എല്ലാ ദിവസവും മികച്ചതാക്കി മാറ്റുന്നത് അവരാണ്' എന്നാണൊരാള്‍ കുറിച്ചത്.