ലോകത്തിലെ ഏറ്റവും വലിയ "ഐഫോണ്‍'; ഗിന്നസ് റിക്കാര്‍ഡ് നേട്ടം
Saturday, September 7, 2024 11:12 AM IST
ധാരാളം ആരാധകരുള്ള ഒന്നാണല്ലൊ ഐഫോണുകള്‍. അവയുടെ ഓരോ മോഡല്‍ വരുമ്പോഴും ലോകമെമ്പാടുമുള്ള ഫോണ്‍ പ്രേമികള്‍ ആവേശത്തോടെയാണ് പ്രതികരിക്കാറ്. ഇപ്പോഴിതാ ഐഫോണ്‍ നിമിത്തം ഗിന്നസ് റിക്കാര്‍ഡില്‍ ഇടം പിടിച്ചിരിക്കുകയാണ് രണ്ട് യുവാക്കള്‍.
സാങ്കേതിക നിരൂപകനായ അരുണ്‍ മൈനിയും ഗാഡ്ജെറ്റ് നിര്‍മ്മാണ വിദഗ്ധനായ മാത്യു പെര്ക്ക്സുമാണ് ഇവര്‍. ഐഫോണിന് ഏറ്റവും വലിയ ഡ്യൂപ്ലിക്കേറ്റ് നിര്‍മിച്ചാണ് ഇവര്‍ റിക്കാർഡ് നേടിയത്.
6.74 അടി ഉയരമുള്ള ഒരു ഭീമാകാരമായ ഐഫോണ്‍ ആണിവര്‍ നിര്‍മിച്ചത്. ഈ ഫോണിന്റെ സവിശേഷതകള്‍ അവര്‍ യൂട്യൂബ് ചാനല്‍വഴി നെറ്റിസണ്‍സിന് വിശദീകരിക്കുന്നുണ്ട്. പൂര്‍ണമായും പ്രവര്‍ത്തനമായ ഈ ഫോണില്‍ നിന്നും സന്ദേശങ്ങള്‍ അയയ്ക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും കഴിയും.
മാത്രമല്ല ഒരു സാധാരണ ഫോണിന്റെ എല്ലാ സവിശേഷതകളും ആക്സസ് ചെയ്യാനും അനുവദിക്കുന്നു. എന്നാല്‍ ആപ്പിളിന്റെ ഐഒഎസ് ക്ലോസ്ഡ് സോഴ്സ് ആയതിനാല്‍, ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രം അവര്‍ക്ക് പകര്‍ത്താന്‍ കഴിഞ്ഞില്ല. പകരം ആന്‍ഡ്രോയിഡ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.
ഐഫോണ്‍ 15 പ്രോ മാക്സില്‍ മാതൃകയില്‍ സൃഷ്ടിച്ച ഈ ഭീമന് വൈറലായി മാറി. നിരവധി പേര് ഈ യുവാക്കളെ അഭിനന്ദിച്ച് രംഗത്തെത്തി. "മികച്ച അനുകരണം' എന്നാണൊരാള്‍ കുറിച്ചത്.