3,500 വർഷം പഴക്കമുള്ള ഭരണി തകർത്തു; പ്രതിയെ കണ്ട് അധികൃതർ കുഴങ്ങി
Friday, September 6, 2024 12:20 PM IST
മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന പുരാവസ്തുക്കൾക്കു മുന്നിൽ "എന്നെ തൊടരുത്' എന്ന ബോർഡ് സർവസാധാരണമായി കാണാം. ചിലപ്പോൾ ഗ്ലാസ് ഫ്രെയിം ഉപയോഗിച്ച് സംരക്ഷിച്ചിട്ടുണ്ടാകാം. അമൂല്യമായ വസ്തുക്കളാണെങ്കിൽ അവിടെ പ്രത്യേക കാവൽക്കാരുമുണ്ടാകും.
കഴിഞ്ഞദിവസം, ഇസ്രയേൽ ഹൈഫയിലെ ഹെക്ട് മ്യൂസിയത്തിൽ അമൂല്യമായ ഒരു പുരാവസ്തു സന്ദർശകരിലൊരാൾ തകർത്തു. 3,500 വർഷം പഴക്കമുള്ള ഭരണിയാണു തകർത്തത്. പാഞ്ഞെത്തിയ മ്യൂസിയം അധികൃതർ ചിരിച്ചുകൊണ്ടു നിൽക്കുന്ന പ്രതിയെ കണ്ട് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.
പ്രതിയുടെ പ്രായമായിരുന്നു പ്രശ്നം. കഷ്ടിച്ച് നാലു വയസുള്ള ബാലനായിരുന്നു ഭരണി തകർത്തതിന്റെ ഉത്തരവാദി. കുട്ടി തന്റെ അച്ഛനൊപ്പം മ്യൂസിയത്തിലൂടെ നടക്കവേ വലിയ ഭരണികളിൽ കൗതുകം തോന്നി തൊട്ടുനോക്കുകയായിരുന്നു. അതിനിടെ സ്റ്റാൻഡിൽനിന്നു ഭരണി നിലത്തുവീണു ഛിന്നഭിന്നമായി.
സംഭവത്തിൽ മ്യൂസിയം അധികൃതർ കുട്ടിയോടു കയർക്കുകയോ, പിഴ വിധിക്കുകയോ ചെയ്തില്ല. ഭയപ്പെടേണ്ട, ചിലപ്പോൾ ഇതുപോലുള്ള കാര്യങ്ങളും സംഭവിക്കുമെന്നും തങ്ങൾ ഇതു ശരിയാക്കി തിരികെവയ്ക്കുമെന്നും മ്യൂസിയം മേധാവി പറഞ്ഞു.
പിന്നീട്, ചീളുകൾ കൂട്ടിയോജിപ്പിച്ച് ഭരണി പൂർണരൂപത്തിലെത്തിച്ചശേഷം കുട്ടിയെയും കുടുംബാംഗങ്ങളെയും അധികൃതർ ക്ഷണിക്കുകയും ഒരിക്കൽ കൂടി അവർ മ്യൂസിയം സന്ദർശിക്കുകയും ചെയ്തു.
3,500 വർഷം പഴക്കമുള്ള ഭരണി വെങ്കലയുഗത്തിൽ നിർമിക്കപ്പെട്ടതാണ്. വീഞ്ഞ് അല്ലെങ്കിൽ ഒലിവ് ഓയിൽ സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചതാകാം ഭരണികളെന്നു കരുതപ്പെടുന്നു.