‘വത്സരാജ് പുതുച്ചേരിക്കാർക്ക് ഇപ്പോഴും മന്ത്രി’
Friday, August 30, 2024 11:14 AM IST
മന്ത്രിപദം ഒഴിഞ്ഞ് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പുതുച്ചേരിക്കാർക്ക് ഇ. വത്സരാജ് എന്ന ജനനേതാവ് ഇപ്പോഴും മന്ത്രി തന്നെ. പുതുച്ചേരി കരുവാടിക്കുപ്പം ശ്രീ ശിവ വിഷ്ണു ഹാളിൽ സെപ്റ്റംബർ അഞ്ചിനു നടക്കുന്ന വിവാഹത്തിൽ മുൻ പുതുച്ചേരി ആഭ്യന്തര-ടൂറിസം മന്ത്രി ഇ. വത്സരാജിന്റെ ചിത്രം അടങ്ങിയ ക്ഷണക്കത്താണ് അടിച്ചിട്ടുള്ളത്.
വത്സരാജിനെ മന്ത്രി എന്നു തന്നെയാണ് വിവാഹക്ഷണക്കത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. തലൈവർ ഞങ്ങൾക്ക് അന്നും ഇന്നും എന്നും മന്ത്രിയാണെന്നാണ് ഗോപിനാഥന്റെ കുടുംബം പറയുന്നത്. കത്തിപ്പോൾ നവ മാധ്യമങ്ങളിലും വൈറലാണ്.
ഗോപിനാഥും ധനശ്രീയുമാണ് അടുത്തമാസം അഞ്ചിന് വിവാഹിതരാകുന്നത്. ഗോപിനാഥ് ബിടെക്കുകാരനും ധനശ്രീ എംകോംകാരിയുമാണ്. കഴിഞ്ഞദിവസം പുതുച്ചേരിയിൽനിന്ന് നേരിട്ടെത്തിയാണ് ഗോപിനാഥ് തലൈവരെ വിവാഹത്തിനു ക്ഷണിച്ചത്. ഗോപിനാഥും കുടുംബവും ഇ. വത്സരാജിന്റെ ആരാധകരാണ്.
25 വർഷം പൊതു പ്രവർത്തനരംഗത്ത് സജീവമായിരുന്ന ചിത്രകാരൻ കൂടിയായ വത്സരാജ് 2011 ലാണ് മന്ത്രി പദം ഒഴിഞ്ഞത്. അഞ്ചുവർഷം ഗവ. ചീഫ് വിപ്പ്, 12 വർഷം മന്ത്രി, ഇതിനിടയിൽ ചേരി നിർമാണ ബോർഡ് ചെയർമാനായും വത്സരാജ് പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ഉണ്ടായിട്ടും സ്വയം പിന്മാറിയ വത്സരാജ് ഇപ്പോൾ എഴുത്തും ചിത്രരചനയും വായനയുമായി വിശ്രമജീവിതം നയിക്കുകയാണ്.