2,492 കാരറ്റ്; ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി
Saturday, August 24, 2024 11:30 AM IST
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയില് കണ്ടെത്തി. ഇതുവരെ പേരിടാത്ത ഈ വജ്രം 2,492 കാരറ്റ് ഉണ്ടത്രെ. ഇതിന് 40 മില്യണ്‍ ഡോളറിലധികം വില ലഭിക്കുമെന്ന് കണക്കാക്കുന്നു.
ബോട്സ്വാനയുടെ തലസ്ഥാനമായ ഗാബോറോണിന് ഏകദേശം 500 കിലോമീറ്റര്‍ വടക്കുള്ള ബോട്സ്വാനയിലെ കരോവേ ഡയമണ്ട് ഖനിയില്‍ നിന്നാണ് ഭീമാകാരമായ രത്നം കണ്ടെത്തിയത്. കനേഡിയന്‍ ഖനന കമ്പനിയായ ലുക്കാറ ഡയമണ്ട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഖനി.
ഉയര്‍ന്ന മൂല്യമുള്ള വജ്രങ്ങള്‍ തിരിച്ചറിയുന്നതിനും സംരക്ഷിക്കുന്നതിനുമായി 2017-ല്‍ സ്ഥാപിച്ച ലൂക്കാറയുടെ മെഗാ ഡയമണ്ട് റിക്കവറി എക്സ്-റേ ട്രാന്സ്മിഷന് സാങ്കേതികവിദ്യയാണ് ഇത് കണ്ടെത്തിയത്.
1905 ജനുവരി 26 ന് ദക്ഷിണാഫ്രിക്കയിലെ കള്ളിനാനിലെ പ്രീമിയര്‍ നമ്പര്‍ 2 ഖനിയില്‍ നിന്ന് കണ്ടെത്തിയ കള്ളിനാന് ആണ് ലോകത്തിലെ ഏറ്റവും വലിയ വജ്രം. 3,106 കാരറ്റ് കള്ളിനന് വജ്രത്തിന്. ഇത് ഒന്‍പത് വ്യത്യസ്ത കല്ലുകളായി മുറിച്ചിരുന്നു. അവയില്‍ പലതും ബ്രിട്ടീഷ് കിരീട ആഭരണങ്ങളിലാണുള്ളത്.
ആഗോള വജ്ര ഉല്‍പ്പാദനത്തിന്റെ 20 ശതമാനവും ബോട്സ്വാനയിലാണ്. കഴിഞ്ഞ ദശകത്തില്‍ നിരവധി വലിയ വിലയേറിയ കല്ലുകള്‍ കരോവേ ഖനിയില്‍ കണ്ടെത്തിയിരുന്നു. ഖനിയില്‍ നിന്ന് കണ്ടെത്തിയ 1,758 കാരറ്റ് വജ്രം 2019-ല്‍ ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ലൂയി വിറ്റണ് ആണ് വാങ്ങിയത്. അതിനുമുമ്പ്, 2010-ല്‍ 53 മില്യണ്‍ ഡോളറിന് 2016-ല്‍ കരോവില്‍ കണ്ടെത്തിയ 1,109 കാരറ്റ് വജ്രം ഗ്രാഫ് ഡയമണ്ട്സ് വാങ്ങിയിരുന്നു.