രാജേന്ദ്ര മൈതാനത്തിനു പറയാനുണ്ട്; സ്വാതന്ത്ര്യസമര വീരസ്മരണകള്‍
Thursday, August 15, 2024 10:53 AM IST
പൊന്‍കുന്നം പട്ടണത്തിലെ രാജേന്ദ്ര മൈതാനത്തു കാല്‍വയ്ക്കുമ്പോള്‍ ദേശാഭിമാനികളുടെ ഹൃദയത്തില്‍ ഇന്നും സ്വാതന്ത്ര്യസമരത്തിന്റെ വീരസ്മരണകള്‍ അലയടിക്കും. 1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് ഭാരതം സ്വതന്ത്രമായ പുലരിയെ അതിരറ്റ ആവേശത്തോടെ വരവേല്‍ക്കാനും അഭിമാനത്തോടെ ത്രിവര്‍ണപതാക ഉയര്‍ത്താനും അനേകര്‍ ഇവിടെ സംഗമിച്ചു. ദേശസ്വാതന്ത്ര്യത്തിന്റെ ഈ 78-ാം വാര്‍ഷികദിനത്തിലും ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പായി രാജേന്ദ്ര മൈതാനവും കാലസാക്ഷിയായ കിണറും സംരക്ഷിക്കപ്പെടുന്നു.
സ്വാതന്ത്ര്യ സമര പ്രക്ഷോഭകാലത്ത് നാലു പതിറ്റാണ്ടിലേറെ ദേശസ്നേഹികള്‍ ഒരുമിച്ചുകൂടി പ്രതിഷേധങ്ങളും സമ്മേളനങ്ങളും നടത്തിയിരുന്ന ഇടമാണിത്. പൊന്‍കുന്നം മലനാട്ടിലെ പ്രമുഖ മലഞ്ചരക്ക് വിപണിയായിരുന്ന കാലത്ത് വണ്ടിപ്പേട്ടയായിരുന്നു അക്കാലത്ത് ഒന്നരയേക്കര്‍ വിസ്തൃതമായിരുന്ന മൈതാനം.
1947 ജൂണ്‍ 13ന് തിരുവനന്തപുരത്ത് കളത്തില്‍ വേലായുധന് നായരുടെ അധ്യക്ഷതയില്‍ സി. നാരായണപിള്ളയുടെ പ്രസംഗം നടക്കുന്നതിനിടെ പാഞ്ഞെത്തിയ സിപിയുടെ പോലീസ് ജനങ്ങളുടെ നേര്‍ക്ക് നിറയൊഴിച്ചു. വെടിവയ്പില്‍ രാജേന്ദ്രന് എന്ന 13 വയസുകാരന് സംഭവ സ്ഥലത്ത് ചോരവാര്‍ന്ന് മരിച്ചു.
ആ ദാരുണസംഭവത്തില്‍ പൊന്‍കുന്നത്തെ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി പ്രതിഷേധം നടത്തിയത് ഈ മൈതാനത്താണ്. പില്ക്കാലത്ത് എംഎല്‍എയായ എ.കെ. പാച്ചുപിള്ളയുടെ അധ്യക്ഷതയില്‍ പി. ചന്ദ്രശേഖരന് നായരാണ് ഈ മൈതാനത്തിന് രാജേന്ദ്ര മൈതാനം എന്നു നാമകരണം നടത്തിയത്.
ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മൈതാനത്ത് പ്രസംഗിക്കാത്ത നേതാക്കളും സാംസ്കാരിക നായകരും കുറവാണ്. 1912ല്‍ ബ്രിട്ടനില്‍ ജോര്‍ജ് അഞ്ചാമന് രാജാവിന്റെ കിരീടധാരണം നടന്നപ്പോള്‍ അതിന്റെ സ്മരണയ്ക്കായി നിര്‍മിക്കപ്പെട്ട കിണറാണ് ഇന്നും നാടിന്റെ ശേഷിപ്പായി സൂക്ഷിക്കപ്പെടുന്നത്. മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം കുടുംബങ്ങളില്‍നിന്ന് പണം പിരിച്ചാണു കിണര്‍ നിര്‍മിച്ചതെന്ന് പഴമക്കാര്‍ പറയുന്നു.
പൊന്‍കുന്നം ടൗണിനോടു ചേര്‍ന്ന് വിവിധ കവലകളില്‍ അഞ്ചു കിണറുകള്‍ നിര്‍മിച്ചതില്‍ ശേഷിക്കുന്നതില്‍ ഒന്നാണിത്. ജോര്‍ജ് അഞ്ചാമന് കോറഷേണല് വെല്‍ എന്ന് കരിങ്കല്ലില്‍ കൊത്തിയ ഫലകം ഇവിടെ കാണാം. ഈ കിണറാണ് കടുത്ത വേനലിലും പൊന്‍കുന്നം നഗരവാസികളുടെ ദാഹം അകറ്റുന്നത്.