ഏഴാം ക്ലാസുകാരന്റെ സത്യസന്ധമായ അവധി അപേക്ഷ; പൊട്ടിച്ചിരിച്ച് നെറ്റിസണ്‍സ്
Wednesday, August 14, 2024 12:15 PM IST
കുട്ടികളോട് അവര്‍ സത്യസന്ധരായിരിക്കണമെന്ന് നാട്ടുകാരും വീട്ടുകാരും അയല്‍ക്കാരും അധ്യാപകരുമൊക്കെ പറയുമല്ലൊ. "നിങ്ങള്‍ അങ്ങനെയാണൊ' എന്ന് കുട്ടികള്‍ ഒരിക്കലും തിരിച്ച് ചോദിച്ചിട്ടില്ല. അതിനാല്‍ ഈ ഉപദേശം ഔട്ടേറ്റടാകാതെ, കാലയവനികയ്ക്കുള്ളല് മറയാതെ തുടരുന്നു.
ഇപ്പോഴിതാ സത്യസന്ധനായ ഒരു ബാലകന് താന്‍ സ്കൂളില്‍ വരില്ലെന്ന കാര്യം അധ്യാപികയെ അറിയിച്ച ലീവ് ലെറ്റര്‍ വൈറലാകുന്നു. രാകേഷ് എന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ വിദ്വാന്.
ഈ കുട്ടി ഹിന്ദി വാക്കുകള്‍ ഇംഗ്ലീഷില്‍ എഴുതിയാണ് കത്ത് തയാറാക്കിയത്. ഔപചാരിക വിലാസത്തില്‍ ആരംഭിച്ച ആപ്ലിക്കേഷനില്‍ "മൈ നഹി ഓംഗ, നഹി ഓംഗ, നഹി ഓംഗ ("ഞാന്‍ വരില്ല, ഞാന്‍ വരില്ല, ഞാന്‍ വരില്ല') എന്നിങ്ങനെ മാത്രമാണ് എഴുതിയത്. ഏറ്റവും രസകരമായ കാര്യം കത്തിന് താഴെ നന്ദി പറഞ്ഞശേഷവും വരില്ലെന്ന കാര്യം ഉറപ്പിച്ച് പറയുന്നു എന്നതാണ്.
ഇന്‍സ്റ്റഗ്രാമില്‍ എത്തിയ കത്ത് വെറലായി. നിരവധിപേര്‍ രസകരമായ കമന്റുകള്‍ പങ്കുവച്ചു. "സഹോദരാ, ഇന്നുവരെ, ഞാന്‍ ഇത്രയും ക്ഷമയോടെയും വിനയത്തോടെയും ഒരു അപേക്ഷ എഴുതിയിട്ടില്ല' എന്നാണൊരാള്‍ കുറിച്ചത്. " ഈ കുട്ടി എന്തുകൊണ്ട് സ്കൂളില്‍ പോകാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന കാരണം തിരക്കണം. ഗൗരവമുള്ളതാകാം' എന്നാണ് മറ്റൊരാള്‍ ചൂണ്ടിക്കാട്ടിയത്.