"അദ്ഭുത സ്ത്രീ' ഒച്ച വയ്ക്കുമ്പോള്‍ ആനന്ദനൃത്തം ചെയ്യുന്ന പിള്ളേര്; വൈറല്‍
Sunday, August 11, 2024 2:30 PM IST
ബാല്യം മനോഹരമാണല്ലൊ. അതിരുകളില്ലാതെ കുട്ടികള്‍ തങ്ങളുടെ ഇഷ്ടങ്ങളിലും കുസൃതികളിലും പറക്കുമ്പോള്‍ ആ കാഴ്ച വലിയ പോസിറ്റീവാണ്. കുട്ടികളെ സ്വതന്ത്രരാക്കുമ്പോള്‍ അവര്‍ നമുക്ക് കൂടിയാണ് ആനന്ദം നല്‍കുക.
ഇപ്പോഴിതാ ഇന്തോനേഷ്യയില്‍ നിന്നുള്ള ഒരു കാഴ്ച ഇക്കാര്യം അടിവരയിടുന്നു. ഇൻസ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളിലുള്ളത് ഒരു വഴിയരികിലായി നില്ക്കുന്ന രണ്ട് ചെറിയ ആണ്‍കുട്ടികളാണ്.
വീഡിയോയില്‍ രസകരമായ ഹോണുമായി ഒരു ട്രക്ക് കടന്നുപോകുന്നതായി കാണാം. അതിന്റെ ഹോണ്‍ മുഴങ്ങുമ്പൊഴെ കുട്ടികള്‍ നൃത്തം തുടങ്ങുകയാണ്. ഒരു പ്രത്യേക താളത്തിലാണ് അവരുടെ ആനന്ദ നൃത്തം.
"വണ്ടര്‍ വുമണ്‍' എന്നെഴുതിയ ആ ട്രക്ക് അവര്‍ക്കരികില്‍ വേഗം കുറയ്ക്കുന്നുണ്ട്. ശേഷം ആ നൃത്തം ആസ്വദിച്ച് ട്രക്ക് കടന്നുപോകുന്നു. കുട്ടികള്‍ ട്രക്കിലുള്ളവരെ കൈവീശി കാണിക്കുന്നിടത്ത് ദൃശ്യങ്ങള്‍ അവസാനിക്കുന്നു.
വൈറലായി മാറിയ കാഴ്ചയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "അവരുടെ ആ സന്തോഷം നൂറുകോടി ജാക്പോട്ട് അടിച്ചവനേക്കാള് കൂടുതലാണ്' എന്നാണൊരാള്‍ കുറിച്ചത്. ഹൃദ്യമായ കാഴ്ച എന്നാണ് മറ്റൊരാള്‍ കുറിച്ചത്.