എന്റെ ഗവേഷണ പ്രബന്ധങ്ങള്‍ ഗൂഗിളില്‍ കാണാം: തട്ടുകടക്കാരന്റെ മറുപടി; ഞെട്ടല്‍ മാറാതെ സായിപ്പ്
Friday, August 9, 2024 2:55 PM IST
വൈകുന്നേരങ്ങളില്‍ തട്ടുകടയില്‍ പോയി ദോശയും ഓംലൈറ്റുമൊക്കെ കഴിക്കുന്നവര്‍ ഒരുപാടുണ്ടല്ലൊ. എന്നാല്‍ ആ കടക്കാരന്റെ വിദ്യാഭ്യാസത്തെ കുറിച്ച് ആരും തന്നെ അറിയണമെന്നില്ലൊ. സാധാരണ "പാവപ്പെട്ടവന്', "കൂടുതല്‍ പഠിക്കാത്തവന്' എന്നൊക്കെയാകാം കടക്കാരനെ കുറിച്ച് ആളുകള്‍ വിചാരിക്കുക.
എന്നാല്‍ എല്ലായ്പ്പോഴും അങ്ങനെയല്ല. ഇംഗ്ലീഷ് മണിമണിയായി സംസാരിച്ച ഓട്ടോഡ്രെെവറും വീട്ടമ്മയുമൊക്കെ ആ ഗണത്തില്‍ നമ്മളെ ഞെട്ടിച്ചവരാണ്. ഞെട്ടിയവരുടെ കൂട്ടത്തില്‍ ഇതാ ഒരു സായിപ്പും എത്തിയിരിക്കുന്നു.
സംഭവം തമിഴ്നാട്ടിലാണ്. സമൂഹ മാധ്യമമായ റെഡിറ്റില്‍ എത്തിയ ദൃശ്യങ്ങളില്‍ ഒരു വിദേശി തമിഴ്നാട്ടിലൊരു തട്ടുകടയില്‍ എത്തുന്നു. തരുള് റയാന് എന്ന യുവാവാണ് ഈ കട നടത്തുന്നത്. വിദേശ സഞ്ചാരിയുമൊത്തുള്ള സംഭാഷണത്തിന് ഇടയില്‍ താനൊരു താനൊരു ഗവേഷണ വിദ്യാര്‍ഥിയാണെന്ന് തരുള് പറയുന്നു.
തുടര്‍ന്നുള്ള സംഭാഷണത്തിനിടെ തന്റെ പേര് ഗൂഗിളില്‍ തിരഞ്ഞാല്‍ അത് കാണാമെന്ന് തരുള് പറയുന്നു. ഈ തട്ടുകട ഗൂഗിള്‍ സ്ട്രീറ്റില്‍ കാണാമെന്ന് വിദേശി പറയുമ്പോള്‍. അത് മാത്രമല്ല തന്റെ ഗവേഷണ പ്രബന്ധങ്ങളും കാണാന്‍ കഴിയുമെന്ന് റായന്‍ പറയുന്നു. പിന്നീട് അത് കാട്ടിക്കൊടുക്കുന്നു.
ബയോടെക്നോളജിയില്‍ പിഎച്ച്ഡി ചെയ്യുന്ന ആളാണ് റയാന്. എസ്ആര്‍എം യൂണിവേഴ്സിറ്റിയിലാണ് റയാന് ഗവേഷണം നടത്തുന്നത്. ആകെ അദ്ഭുതപരതന്ത്രനായ സായിപ്പ് ചിക്കന്‍ 65 പ്ലേറ്റ് മാറ്റിവച്ച് തരുളിനെ അഭിനന്ദിക്കുന്നു. കൂടാതെ കൂടുതല്‍ പണവും നല്കുന്നു.
വീഡിയോ വൈറലായതോടെ റയാനെ പ്രശംസിച്ച് നിരവധിപേര്‍ രംഗത്തെത്തി. ഇന്ത്യയുടെ പരിതസ്ഥിതിയെ വിമര്‍ശിച്ചും ചിലര്‍ കമന്റുകളിട്ടു.
Tamil PhD research scholar works in a fried rice stall
byu/LordofReddit11 inTamilNadu