"സജിനും ഭാവനയും മനുഷ്യരാണ്... കേരളമാണ്'
Thursday, August 1, 2024 9:47 AM IST
അല്പ നിമിഷങ്ങള്‍ക്ക് മുന്‍പ് ഇടുക്കി എംപി ഡീന്‍ തന്റെ ഫേസ്ബുക്കില്‍ ഇത്തരത്തില്‍ കുറിക്കുകയുണ്ടായി "സജിനും ഭാവനയും മനുഷ്യരാണ്... കേരളമാണ്' എന്ന്. ഈ കുറിപ്പിന് പിന്നില്‍ വലിയൊരു നന്മയുടെ കഥയുണ്ട്. അതിനെക്കുറിച്ചാണിത്.
വയനാട്ടിലെ സഹോദരങ്ങള്‍ ഒരൊറ്റ രാത്രിയിലെ മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായ നടുക്കത്തിലാണല്ലൊ നാം. മുണ്ടക്കൈ, ചൂരല്‍ മല പ്രദേശങ്ങളെ ഉരുള്‍പ്പൊട്ടല്‍ അപ്പാടെ വിഴുങ്ങിയപ്പോള്‍ കേരളം നടുങ്ങി. മരണസംഖ്യ 270 കടന്നിരിക്കുകയാണിപ്പോള്‍. നിരവധിപേരെ ഇനിയും കണ്ടുകിട്ടാനുമുണ്ട്.
നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ആപത്തുഘട്ടങ്ങളില്‍ മറ്റുള്ളവര്‍ക്കായി ആവുന്നത്ര കൂടെ നില്ക്കുക എന്നത്. മറ്റൊരു നാട്ടിലും കാണാന്‍ കഴിയാത്തയത്ര ഐക്യം നമുക്കിടയിലുണ്ട്. ഒരു ആപത്ത് സമയത്താണ് പലരും അത് തിരിച്ചറിയുന്നത്.
വയനാട്ടിലെ ദുരന്തവുമായി ബന്ധപ്പെട്ട് നിരവധി സന്നദ്ധസേവനങ്ങള്‍ നമുക്കിടയില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പലരും ആ ദുരന്തമുഖത്ത് നേരിട്ടെത്തി സഹായിക്കുന്നു. എന്നാല്‍ ഇടുക്കിയില്‍ നിന്നുള്ള ഒരു യുവാവിന്റെ കരുതല്‍ വളരെ വ്യത്യസ്തമായിരുന്നു. അത് വലിയ വാര്‍ത്തയായി. സമൂഹ മാധ്യമങ്ങളില്‍ വൈറലുമായി.
സജിന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹമൊരു പൊതുപ്രവര്‍ത്തകനാണ്. ഭാവന എന്നാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. അവര്‍ക്ക് രണ്ട് മക്കളാണ്. വയനാട്ടിലെ അഭയാര്‍ഥി ക്യാമ്പില്‍ തന്റെ കുഞ്ഞിനെ പോലെ നിരവധി കുട്ടികള്‍ ഉണ്ടാകുമെന്ന് സജിന്‍ ചിന്തിച്ചു. അവരുടെ വിശപ്പിനെ കുറിച്ച് ആ മനസ് തിരിച്ചറിഞ്ഞു.
അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ "ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ...എന്റെ ഭാര്യ റെഡിയാണ്...' എന്നൊരു പോസ്റ്റ് ഇടുകയുണ്ടായി. "എനിക്കും കുഞ്ഞ് മക്കളാണ് ഉള്ളത്. വയനാട്ടിലെ ക്യാമ്പില്‍ കുഞ്ഞ് മക്കളുണ്ടെങ്കില്‍ അവരെ മുലപ്പാല്‍ നല്കി സംരക്ഷിക്കാന്‍ ഞാനും എന്റെ ഭാര്യയും തയാറാണ്. നമ്മളെകൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യം അതാണ്. വയനാട്ടില്‍ പോയി അവിടെ നിന്ന് കുഞ്ഞുങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും ' എന്നായിരുന്നു പോസ്റ്റിന്റെ മുഴുരൂപം.
ഈ വ്യത്യസ്തമായ സഹായഹസ്തം വൈറലായി മാറി. ഇപ്പോഴിതാ ഡീന്‍ കുര്യാക്കോസ് "സജിനും ഭാവനയും മനുഷ്യരാണ്... കേരളമാണ്' എന്ന് തന്റെ ഫേസ്ബുക്കില്‍ അവരെ അഭിനന്ദിച്ച് പോസ്റ്റിട്ടിരിക്കുന്നു. നിലവില്‍ സജിനും കുടുംബവും വയനാട്ടിലേയ്ക്ക് തിരിച്ചിരിക്കുന്നു.
നോക്കൂ കാഴ്ചയില്‍ ചെറിയൊരു വാക്കാണ് അദ്ദേഹം കുറിച്ചത്. എന്നാല്‍ വലിയ മനസുകള്‍ക്ക് മാത്രം പറയാന്‍ കഴിയുന്ന അര്ഥമായിരുന്നതിന്. സജിനെയും ഭാവനയേയും സമൂഹ മാധ്യമങ്ങള്‍ അഭിനന്ദനംകൊണ്ട് മൂടുകയാണ്. അതേ നമുക്കും ആ കുടുംബത്തിന് കൈയടി നല്‍കാം...