മകളുടെ പേര് ശരീരത്തില്‍ 667 തവണ പച്ചകുത്തി; റിക്കാര്‍ഡ് തിരിച്ചെത്തി
Tuesday, September 19, 2023 2:36 PM IST
ആളുകള്‍ പല തരത്തിലുള്ള റിക്കാര്‍ഡുകള്‍ സ്വന്തമാക്കാറുണ്ട്. അവയില്‍ പലതും പലരും തിരുത്താറുമുണ്ട്. എന്നാല്‍ ചില നേട്ടങ്ങള്‍ക്ക് അതിന്റേതായ സവിശേഷത ഉണ്ടാകും. അത്തരമൊരു ഗിന്നസ് റിക്കാര്‍ഡിന്റെ കാര്യമാണിത്.
ഈ നേട്ടത്തിനുടമ ഒരു ഇംഗ്ലണ്ടുകാരനാണ്. മാര്‍ക്ക് ഓവന് ഇവാന്‍സ്(49) എന്ന ഇദ്ദേഹം തന്റെ മകളുടെ പേര് ശരീരത്തിൽ പതിപ്പിച്ചാണ് റിക്കാര്‍ഡ് തീര്‍ത്തത്. ലൂസി എന്നായിരുന്നു ഇദ്ദേഹത്തിന്റെ ഏഴുവയസുകാരി മകളുടെ പേര്.
667 തവണയാണ് ഇദ്ദേഹം ഈ പേര് തന്റെ ശരീരത്തില്‍ പച്ചകുത്തിയത്. 2017ല്‍ ആണ് ആദ്യം ഇദ്ദേഹം ഈ റിക്കാര്‍ഡ് കരസ്ഥമാക്കിയത്. അന്ന് 267 തവണ മകളുടെ പേര് ഇദ്ദേഹം പച്ചകുത്തി.
എന്നാല്‍ ഈ റിക്കാര്‍ഡ് 2020ല്‍ തകര്‍ന്നു. അമേരിക്കന്‍ യുവതിയായ ഡീദ്ര വിജില്‍ ആണ് ഇത് തകര്‍ത്തത്. 300 തവണയാണ് ഡീദ്ര ശരീരത്തില്‍ തന്റെ പേര് പച്ചകുത്തിയത്.
എന്നാൽ ഈ കിരീടം വീണ്ടെടുക്കാന്‍ മാര്‍ക്ക് തീരുമാനിക്കുകയും തന്റെ തുടയില്‍ പുതിയ ടാറ്റൂകള്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. മുതുകില്‍ ഇടം കുറവായതിനാലാണ് കാലിലുമായിട്ട് ഈ പച്ചകുത്തല്‍ പൂര്‍ത്തിയാക്കിയത്.
രണ്ട് ടാറ്റൂ വിദഗ്ധര്‍ ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അഞ്ചരമണിക്കൂറില്‍ അധികമാണ് ടാറ്റൂകള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത്. എന്തായാലും റിക്കാര്‍ഡ് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു എന്ന സന്തോഷത്തിലാണ് മാര്‍ക്ക് ഓവന്.