ക്വറന്റൈൻ പണിയായി! കണ്ണിൽകണ്ടവരെ കണ്ണുപൊട്ടുന്ന ചീത്തവിളിച്ച് തത്തകൾ
Friday, October 2, 2020 3:57 PM IST
മാനസിക ഉല്ലാസത്തിനായിട്ടാണ് പാർക്കിലേക്കും ബീച്ചിലേക്കുമൊക്കെ ആളുകൾ പോകുന്നത്. എന്നാൽ ഇവിടെയും സമാധാനമില്ലെങ്കിലോ? ഇംഗ്ലണ്ടിലെ ലിങ്കൺഷയർ വൈൽഡ്ലൈഫ് പാർക്കിലേക്ക് എത്തുന്നവർ അങ്ങനെയൊരു അവസ്ഥയിലാണ്.
സന്ദർശകരെ ആനന്ദിപ്പിക്കാനെത്തിയ അഞ്ച് തത്തകളാണ് ഇവിടുത്തെ വില്ലന്മാർ. പാർക്ക് സന്ദർശിക്കാനെത്തുന്നവരെയും ജീവനക്കാരെയുമെല്ലാം ചീത്തവിളികൊണ്ടും ശാപവാക്കുകൊണ്ടും മൂടുകയാണ് ഈ സംഘം.
ഓഗസ്റ്റിലാണ് എറിക്, ജേഡ്, എല്‍സി, ടൈസണ്‍, ബില്ലി എന്നീ തത്തകളെ വൈല്‍ഡ്ലൈഫ് പാര്‍ക്കിലേക്ക് കിട്ടുന്നത്. ആഫ്രിക്കന്‍ ഗ്രേ ഇനത്തില്‍ പെട്ട തത്തകളാണിവ. അഞ്ചിനെയും കിട്ടിയത് അഞ്ച് വ്യത്യസ്ത ഉടമകളില്‍ നിന്നുമാണ്.
കിട്ടിയ ഉടനെത്തന്നെ അഞ്ചെണ്ണത്തിനേയും ഒരുമിച്ച് ക്വാറന്റൈനില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഒരുമിച്ച് നില്ക്കുന്ന സമയം തങ്ങള്‍ക്കറിയാവുന്ന തെറിവാക്കുകളും ശാപവാക്കുകളുമെല്ലാം പരസ്പരം "പഠിപ്പിച്ചു' തത്തകള്‍.
കൂട്ടത്തിലുണ്ടായിരുന്ന ഏതെങ്കിലും ഒരു തത്തയില്‍ നിന്നാകാം മറ്റ് തത്തകള്‍ കൂടി മോശം വാക്കുകള്‍ പഠിച്ചതെന്നാണ് കരുതുന്നത്.കഴിഞ്ഞ 25 വര്‍ഷങ്ങളായി ഇങ്ങനെ മോശം വാക്കുകളുപയോഗിക്കുന്ന തത്തകളെ ഇടയ്ക്കിടെ കിട്ടാറുണ്ടെന്ന് ചീഫ് എക്സിക്യൂട്ടീവായ സ്റ്റീവ് നിക്കോള്‍സ് പറയുന്നു.
ചീത്ത പറയുന്ന ഒരു തത്തയൊക്കെ ഉണ്ടാകുമ്പോള്‍ ഞങ്ങളത് തമാശയായിട്ടാണ് കാണാറുള്ളത്. കാണുന്നവര്‍ക്ക് ചിരിക്കാനുള്ള വക അത് നല്‍കും. എന്നാല്‍ ഒരു മുറിയില്‍ മൊത്തം ചീത്ത പറയുന്ന തത്തകള്‍ എന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍-. നിക്കോളാസ് പറയുന്നു.
കളി കാര്യമായി
പാര്‍ക്കിലെ ജീവനക്കാരെല്ലാം ഇതിനെ ആദ്യം തമാശയായിട്ടാണ് കണ്ടത്. എന്നാല്‍ കാര്യങ്ങൾ കൈവിട്ടുപോയതോടെ അവയെ സന്ദര്‍ശകരില്‍ നിന്നും തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്താനാണ് അധികൃതരുടെ തീരുമാനം.
ഈ തത്തകള്‍ തങ്ങളുടെ ഭാഷാ പ്രയോഗം അവിടെയുള്ള മറ്റു തത്തകളെ കൂടി പഠിപ്പിച്ചാല്‍ പാര്‍ക്കിലുള്ള 250 തത്തകള്‍ കൂട്ടമായി ചീത്തവിളി തുടങ്ങുമെന്ന പേടിയിലാണ് അധികൃതരുടെ ഈ തീരുമാനം. താന്‍ ഓരോ തവണ അതുവഴി കടന്നുപോകുമ്പോഴും തന്നെ തത്തകള്‍ ചീത്ത വിളിക്കാറുണ്ടെന്നും നിക്കോള്‍സ് പറഞ്ഞു.
ഈ തത്തകളെ മറ്റ് സംഘങ്ങളുടെ കൂടെയാക്കി വ്യത്യസ്ത ഭാഗങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. പുതിയ കൂട്ടുകാരിൽ നിന്നു നല്ല വാക്കുകള്‍ ഇവ പഠിച്ചെടുക്കും എന്നാണ് അധികൃതരുടെ വിശ്വാസം.
ഈ പാര്‍ക്കിലെ തത്തകള്‍ ഇതിനു മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ചികോ എന്നു പേരുള്ള ഒരു തത്ത അമേരിക്കന്‍ ഗായിക ബിയോണ്‍സിന്റെ ‘ഈഫ് ഐ വെര് എ ബോയ്’ എന്ന ഗാനം പാടിയത് വന്‍ ഹിറ്റായിരുന്നു.