ഒരു വിനോദവും അവന് നഷ്ടമാകരുത്..! വീല്‍ചെയറിലുള്ള സുഹൃത്തിനെ സഹായിക്കുന്ന കുട്ടി
Tuesday, May 24, 2022 12:42 PM IST
എല്ലാവരുടെയും ജീവിതത്തില്‍ സുഹൃത്തുക്കള്‍ക്ക് ഏതെങ്കിലുമൊക്കെ തരത്തില്‍ പ്രാധാന്യമുണ്ടാകും. ജീവിതത്തില്‍ നമ്മെ ഉയര്‍ത്തിയവരും തളര്‍ത്തിയവരും ഉണ്ടാകാം. എല്ലാത്തിനുമപരി കൂടെ നിന്ന് ചേര്‍ത്തുപിടിച്ചവരുമുണ്ടാകാം. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
സുഹൃത്തുക്കളെല്ലാവരും കൂടി കായിക വിനോദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന ഒരു കുട്ടിയുടെ കൂടെ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടി കൂടി ഉണ്ട്. അവന് നടക്കാന്‍ കഴിയില്ല. വീല്‍ ചെയറിലാണ് അവന്‍ ഇരിക്കുന്നത്. ഫിനിഷിങ്ങ് പോയിന്‍റിലെത്തി തിരികെ ഓടി വന്ന കുട്ടി കൂടെയുള്ള ചങ്ങാതിയുടെ വീല്‍ചെയര്‍ തള്ളിക്കൊണ്ട് മുന്നോട്ട് പോകുന്നു.തിരിച്ചും വീല്‍ ചെയര്‍ തള്ളിക്കൊണ്ട് ഓടുന്നു. അങ്ങനെ ആ കൂട്ടുകാരനെയും അവന്‍ ആ വിനോദത്തില്‍ പങ്കാളിയാക്കുന്നു.
ഹൃദയത്തെ സ്പര്‍ശിക്കുന്ന ഈ വീഡിയോ ഇതിനോടകം കണ്ടുതീര്‍ത്തത് ലക്ഷകണക്കിന് ആളുകളാണ്. സമൂഹത്തില്‍ ലാഭേച്ഛ ഏതുമില്ലാതെ പ്രവര്‍ത്തിക്കാന്‍ ഇത്തരം വീഡിയോ കണ്ടാല്‍ മാത്രം മതിയെന്ന് ഒരുപാട് പേർ അഭിപ്രായപെടുന്നു.