തന്‍റെ സമയോചിതമായ പ്രവര്‍ത്തി നിമിത്തം ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ബംഗളൂരുവിലെ ഒരു ട്രാഫിക് പോലീസുകാരന്‍. ജഗദീഷ് റെഡ്ഢി എന്ന പോലീസുകാരനാണ് ഇത്തരത്തില്‍ മേലുദ്യോഗസ്ഥരുടെയും ജനങ്ങളുടെയും കൈയടി ഏറ്റുവാങ്ങുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ മഴയെത്തുടര്‍ന്ന് ഇദ്ദേഹം ജോലി ചെയ്തിരുന്നിടത്തെ റോഡില്‍ വെള്ളം കയറിയിരുന്നു. എന്നാല്‍ ഏറെ പാഴ്വസ്തുക്കള്‍ അടിഞ്ഞുകൂടിയതിനാല്‍ അഴുക്ക് ചാലിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെട്ടു. ഇതിന്‍റെ ഫലമായി റോഡില്‍ വെള്ളം കൂടുകയും ചെയ്തു.

ഉടനടിതന്നെ ചാലിനടുത്തേക്ക് വന്ന ജഗദീഷ് സ്വന്തം കെെകൊണ്ട് ആ അഴുക്കുകള്‍ മുഴുവന്‍ മാറ്റി. അതോടെ വെള്ളം സുഗമമായി ഒഴുകി പോവുകയും ചെയ്തു.

തന്‍റെ ജോലിയില്‍പെടുന്ന കാര്യമല്ലാഞ്ഞിട്ടും ഇത്തരത്തിലൊരു കാര്യം ചെയ്യാന്‍ രണ്ടാമതൊന്നാലോചിക്കാതെ തയാറായ ജഗദീഷിന്‍റെ മനസിനെ എല്ലാവരും അഭിനന്ദിക്കുകയാണ്. ഐപിഎസ് ഓഫീസറായ ദിപന്‍ഷു കബ്റ ട്വിറ്ററില്‍ പങ്കുവെച്ച ഇതിന്‍റെ വീഡിയോ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ മഴയെത്തുടര്‍ന്ന് ബംഗളൂരുവില്‍ മൂന്നുപേര്‍ മരിക്കുകയും 75 ല്‍ അധികം വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു.